കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട പ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ. അവൻ ചെയ്തത് മാപ്പർഹിക്കാത്ത ക്രൂരതയാണെന്നും അവസാനമായി ഒരു നോക്ക് കാണാൻ പോലും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരരുതെന്നും മാതാപിതാക്കൾ വ്യക്തമാക്കി.
മരണവിവരമറിയിക്കാൻ രണ്ട് പോലീസുകാർ വീട്ടിലെത്തിയപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് പോകാൻ പോലും പ്രതിയുടെ അമ്മ സന്ധ്യ മൊണ്ടാൽ തയ്യാറായില്ല. ഔദ്യോഗിക നടപടിക്രമങ്ങളിൽ നിന്ന് തങ്ങളെ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. “എന്റെ മകൻ ചെയ്ത തെറ്റിന് അവൻ ശിക്ഷിക്കപ്പെട്ടു. അവന്റെ മൃതദേഹം ഞാൻ സ്വീകരിക്കില്ല, ഈ വീട്ടിലേക്ക് കൊണ്ടുവരികയുമില്ല. അവൻ നല്ലതൊന്നും ചെയ്തിട്ടില്ല. അവനെ കൊന്നതിലൊന്നും എനിക്ക് യാതൊരു എതിർപ്പുമില്ല.” വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതിയുടെ അമ്മ പറഞ്ഞു. രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ നോക്കാൻ വീട്ടിൽ മറ്റാരുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Also Read: ഫെഡറൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; പ്രതി പിടിയിൽ
ക്രൂരകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് പ്രഭാസ് മൊണ്ടാൽ പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. പോലീസുകാരന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിക്ക് വെടിയേറ്റതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജൂലൈ 5 ഞായറാഴ്ചയാണ് 11 വയസ്സുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഒരു കുളത്തിൽ നിന്ന് കണ്ടെത്തിയത്. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കടത്തിക്കൊണ്ടുപോയി പ്രഭാസ് മൊണ്ടാലും മറ്റ് രണ്ട് പേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം കുട്ടി ജീവനോടെയിരിക്കെയാണ് ഇവർ ചാക്കിൽ കെട്ടി കുളത്തിലേക്ക് എറിഞ്ഞത്. നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞ് പോലീസിന് കൈമാറിയതോടെയാണ് ഈ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.






