തോല്‍വിയുടെ പേരില്‍ രാജി ചോദിക്കാനൊന്നും വരണ്ട; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

തോല്‍വിയുടെ പേരില്‍ രാജി ചോദിക്കാനൊന്നും വരണ്ട; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫ്ഫിന് ആവേശം ഉണ്ടാകുന്നത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അപ്രമാദിത്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ കെ ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചത് സീറ്റ് കുറഞ്ഞതുകൊണ്ട് അല്ല, കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അത് വച്ച് രാജി ചോദിക്കാനൊന്നും വരണ്ട. ന്യൂനപക്ഷങ്ങള്‍ക്ക് ഇടതുപക്ഷത്തോട് എതിര്‍പ്പില്ല. മോദിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നേ ജനം ചിന്തിച്ചിട്ടുള്ളു. അതിനെ ഇടത് പക്ഷ വിരോധമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിങ്ങള്‍ തല്‍ക്കാലം ജയിച്ചതില്‍ ഞങ്ങള്‍ക്ക് വേവലാതി ഇല്ലെന്നും ഗൗരവത്തോടെ കാണേണ്ടത് ബിജെപി എങ്ങനെ ജയിച്ചു എന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞാന്‍ കണ്ട കാര്യമാണ് പറയുന്നത്. അത് കേട്ട് അതില്‍ എന്തെങ്കിലും വസ്തുത ഉണ്ടോ എന്ന് ആലോചിക്കുകയാണ് വേണ്ടത്. അല്ലാതെ ബ ബ ബ്ബ പറയരുതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. 10 % വോട്ട് യുഡിഎഫ്ഫിന് കുറഞ്ഞു. താന്‍ പറയാനുള്ളത് പറയും. നിങ്ങള്‍ അസ്വസ്ഥത പെട്ടിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ബിജെപി മുഖ്യ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയാണ്. വെല്ലുവിളികളെ മറികടന്നാണ് ഇടതുപക്ഷം പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടില്‍ ഡിഎംകെയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമാണ് പോരാട്ടം നയിച്ചത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയാണ് ബിജെപി വിരുദ്ധ പോരാട്ടം നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് കേന്ദ്ര ഏജന്‍സികളുടെ അന്യായമായ ഇടപെടല്‍ നടന്നിട്ടുണ്ട്. ഇടതുപക്ഷത്തിനെതിരെ സംസ്ഥാനത്ത് വ്യാജനിര്‍മ്മിതികള്‍ നടക്കുമ്പോള്‍ യുഡിഎഫ് എന്താണ് ചെയ്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. വാളയാര്‍ ചുരത്തിന് അപ്പുറവും ഇപ്പുറവും കോണ്‍ഗ്രസ്സിന് രണ്ട് നിലപാടാണുള്ളത്. ബിജെപി നേതാക്കളും രാഹുല്‍ഗാന്ധിയും ഒരേ വികാരത്തോടെ അധിക്ഷേപിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Top