സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്കും സമാന തൊഴിൽ വീസയിലുള്ളവർക്കും ഇനി മുതൽ മൂന്നു മാസ കാലാവധിയുള്ള ഇഖാമകൾ ലഭ്യമാകും. ഗാർഹിക തൊഴിലാളികൾക്ക് പുതിയ ഇഖാമ നൽകാനും പുതുക്കാനും ത്രൈമാസ അടിസ്ഥാനത്തിൽ ഫീസ് അടയ്ക്കാൻ തൊഴിലുടമകളെ അനുവദിക്കുന്ന സുപ്രധാന മന്ത്രിസഭാ തീരുമാനമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ജവാസാത്ത് (പാസ്പോർട്ട്) ഡയറക്ടറേറ്റും ദേശീയ റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായ ‘മുസാനിദും’ സഹകരിച്ചാണ് ഈ പുതിയ സേവനം നടപ്പിലാക്കുന്നത്.
പുതിയ സേവനം വഴി മൂന്ന് മാസത്തേക്കോ അതിന്റെ ഗുണിതങ്ങളായുള്ള കാലയളവിലേക്കോ ഇഖാമകൾ നൽകാനും പുതുക്കാനും സാധിക്കും. തിരഞ്ഞെടുക്കുന്ന കാലയളവ് അനുസരിച്ച് ഇഖാമ ഫീസ് ഗഡുക്കളായി അടക്കാൻ തൊഴിലുടമകൾക്ക് അവസരമുണ്ടാകും. ഇത് ഒറ്റയടിക്ക് വലിയ തുക അടയ്ക്കുന്നതിലെ സാമ്പത്തിക ബാധ്യത ലഘൂകരിക്കും. ഗാർഹിക തൊഴിലാളികളുടെ ഇഖാമകൾ 12, 24 മാസ കാലാവധികൾക്ക് പുറമേ 3, 6, 9, 15, 18, 21 മാസ കാലാവധികളിൽ പുതുക്കാൻ ‘അബ്ഷിർ’ പ്ലാറ്റ്‌ഫോമിലും ഇപ്പോൾ സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.
Also Read: വിമാനങ്ങളിൽ വളർത്തുമൃഗങ്ങൾക്കൊപ്പം ഇനി സുഖമായി പറക്കാം; പുതിയ ആഗോള മാർഗനിർദേശങ്ങളുമായി ‘അയാട്ട’
അതേസമയം, സ്ഥാപനങ്ങൾക്ക് നൽകുന്ന ഇലക്ട്രോണിക് സേവനങ്ങളുടെ ഭാഗമായി വിദേശികളുടെ ഇഖാമയിലെ അറബി പേരുകളിൽ തിരുത്തൽ വരുത്താൻ ‘മുഖീം’ പോർട്ടൽ വഴി സാധിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മുഖീം പോർട്ടലിൽ ലോഗിൻ ചെയ്ത് വിദേശിയുടെ ഇഖാമ നമ്പർ നൽകി പ്രൊഫൈൽ എടുത്ത ശേഷം ജവാസാത്ത് സേവനങ്ങൾ വഴി പേരിൽ ഭേദഗതി വരുത്താം. വ്യവസ്ഥകൾക്ക് വിധേയമായി പേര് തിരുത്തിയ ശേഷം പുതിയ ഇഖാമ അനുവദിക്കാനും ഇതിലൂടെ സാധിക്കും. നടപടിക്രമങ്ങൾ സുഗമമാക്കാൻ സ്ഥാപനങ്ങൾ ഇത്തരം ഇലക്ട്രോണിക് സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജവാസാത്ത് നിർദ്ദേശിച്ചു.






