സോൾ: അമേരിക്കയുടെ ആണവ അന്തർവാഹിനി ദക്ഷിണ കൊറിയൻ തുറമുഖത്ത് നങ്കൂരമിട്ടതിൽ മുന്നറിയിപ്പുമായി ഉത്തര കൊറിയ. രാജ്യത്തിന്റെ സുരക്ഷക്ക് അമേരിക്ക ഗുരുതര ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഉത്തര കൊറിയൻ പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.
കൊറിയൻ ഉപഭൂഖണ്ഡത്തിൽ അമേരിക്കയുടെ ആണവ അന്തർവാഹിനിയുടെ സാന്നിധ്യം ഏറ്റുമുട്ടാനുള്ള അമേരിക്കൻ ഭ്രാന്തിന്റെ വ്യക്തമായ പ്രകടനമാണ്. അപകടകരവും ശത്രുതപരവുമായ അമേരിക്കൻ സൈനിക നടപടിയിൽ നിലവിൽ കടുത്ത ആശങ്കയുണ്ട്. ഈ നീക്കം മേഖലയിൽ ഏറ്റുമുട്ടലിനും യുദ്ധത്തിനും വഴിവെക്കും. പ്രകോപിപ്പിക്കുന്നവരെ ശിക്ഷിക്കാൻ ഉത്തര കൊറിയ ഒരു മടിയും കാണിക്കില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്ക ഒരു ഏകാധിപത്യ രാജ്യമാണെന്ന് ആരോപിച്ച ഉത്തര കൊറിയ, അധികാരത്തിലൂടെ ആധിപത്യം നേടാമെന്നത് അവരുടെ അന്ധമായ വിശ്വാസമാണെന്നും കൂട്ടിച്ചേർത്തു.
Also Read : ‘വാങ്ങാനും വിൽക്കാനും ഗാസ റിയൽ എസ്റ്റേറ്റ് ഭൂമിയല്ല’; ട്രംപിന് മറുപടി നൽകി ഹമാസ്
നങ്കൂരമിട്ടത് എന്തിന് ..!

അമേരിക്കൻ നാവിക സേനയുടെ അതിവേഗ ആക്രമണ ശേഷിയുള്ള യു.എസ്.എസ് അലക്സാൻഡ്രിയ അന്തർവാഹിനിയാണ് തിങ്കളാഴ്ച ബുസാൻ തുറമുഖത്ത് നങ്കൂരമിട്ടത്. അതേസമയം സാധനങ്ങൾ വാങ്ങുന്നതിനും ജീവനക്കാർക്ക് വിശ്രമിക്കാനുമാണ് അന്തർവാഹിനി നങ്കൂരമിട്ടതെന്ന് ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇത് അമേരിക്കൻ- ദക്ഷിണ കൊറിയൻ നാവിക സേനകൾക്ക് വിവരങ്ങൾ കൈമാറുന്നതിനും സംയുക്ത പ്രതിരോധ പദ്ധതി തയാറാക്കുന്നതിനും ഉള്ള അവസരം നൽകുമെന്നുമുള്ള ആരോപണം ഉയർത്തുന്നുണ്ട് . തൊമഹോക് ക്രൂസ് മിസൈലുകൾ പ്രയോഗിക്കാൻ ശേഷിയുള്ളതാണ് പസഫിക് സേനയുടെ ഭാഗമായ യു.എസ്.എസ് അലക്സാൻഡ്രിയ.