വിലകൂടിയ സ്മാർട്ട്‌ഫോണുകൾ പോലും ചില സമയത്ത് ഹാങ്ങാകുകയോ ആപ്പുകൾ ശരിയായി പ്രവർത്തിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. ഈ പ്രശ്നം വരുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം ചെയ്യുന്നത് ഫോൺ റീസ്റ്റാർട്ട് ചെയ്യുകയോ മൊബൈൽ ഡാറ്റ ഓഫ് ചെയ്ത് ഓൺ ചെയ്യുകയോ ആണ്. റീസ്റ്റാർട്ട് ചെയ്യുമ്പോൾ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പൂർണ്ണമായി ഷട്ട് ഡൗൺ ആവുകയും, പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന എല്ലാ ആപ്പുകളും അടഞ്ഞുപോയി പ്രധാന സിസ്റ്റം പ്രോസസ്സുകൾ വീണ്ടും ലോഡ് ആവുകയും ചെയ്യുന്നു.
എന്നാൽ, ഫോൺ ദിവസവും റീസ്റ്റാർട്ട് ചെയ്തതുകൊണ്ട് മാത്രം അതിന്റെ വേഗതയോ പ്രവർത്തനശേഷിയോ വർദ്ധിക്കണമെന്നില്ല. സ്റ്റോറേജ് കുറയുന്നത്, വലിയ ആപ്ലിക്കേഷനുകളുടെ ഉപയോഗം, ബാറ്ററിയുടെ പ്രശ്നങ്ങൾ എന്നിവയാണ് പലപ്പോഴും കാരണം. ഇത്തരം തകരാറുകൾ താൽക്കാലികമായി പരിഹരിക്കാൻ റീസ്റ്റാർട്ട് സഹായിക്കുമെങ്കിലും, ഇത് സ്ഥിരമായ ഒരു പരിഹാരമല്ല.
ഫോൺ എപ്പോഴൊക്കെയാണ് റീസ്റ്റാർട്ട് ചെയ്യേണ്ടത് എന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. സ്ക്രീൻ ഫ്രീസ് ആകുമ്പോഴോ, അല്ലെങ്കിൽ ഫോണിന്റെ വേഗത പെട്ടെന്ന് കുറയുമ്പോഴോ ആണ് പ്രധാനമായും ഫോൺ റീസ്റ്റാർട്ട് ചെയ്യേണ്ടത്. ഇത് ഫോണിന്റെ പ്രവർത്തനക്ഷമത താൽക്കാലികമായി മെച്ചപ്പെടുത്താൻ സഹായിക്കും.






