മോട്ടോർ വാഹന നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്കായി മോട്ടോർ വാഹന വകുപ്പ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (വൺ ടൈം സെറ്റിൽമെന്റ്) പ്രഖ്യാപിച്ചു. വലിയ നികുതി ഇളവുകളോടെ കുടിശ്ശിക അടച്ചുതീർക്കാനും നിയമനടപടികളിൽ നിന്ന് ഒഴിവാകാനും ഇതിലൂടെ അവസരം ലഭിക്കും. 2026 മാർച്ച് 31-ന് നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ളവർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2027 മാർച്ച് 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
പദ്ധതി അനുസരിച്ച് നോൺ-ട്രാൻസ്പോർട്ട് വാഹന ഉടമകൾ നാല് വർഷത്തെ കുടിശ്ശികയുടെയും പിഴയുടെയും 40 ശതമാനം മാത്രം അടച്ചാൽ മതിയാകും. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഇത് 30 ശതമാനമായി ഇളവ് ചെയ്തിട്ടുണ്ട്. കൂടാതെ ഗ്രീൻ ടാക്സ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കൽ, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് വിഹിതം എന്നിവയിൽ നിന്ന് പൂർണ്ണ ഇളവും നൽകും. റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് കുടിശ്ശിക തുകയോടൊപ്പം കളക്ഷൻ ചാർജുകൾ കൂടി അടച്ച് നടപടികൾ പൂർണ്ണമായി അവസാനിപ്പിക്കാം.
Also Read: ട്രാക്ക് അറ്റകുറ്റപ്പണി! മാവേലി കോട്ടയം വഴി, ഇന്റർസിറ്റി തൃശ്ശൂർ വരെ; ട്രെയിൻ സർവീസുകളിൽ മാറ്റം
മോഷ്ടിക്കപ്പെട്ടതോ, പൊളിച്ചുവിറ്റതോ, പൂർണ്ണമായി ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ ഉടമകൾക്ക് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ പരിശോധനയ്ക്ക് ശേഷം ഭാവിയിലെ നികുതി ബാധ്യതകളിൽ നിന്ന് ഒഴിവാക്കി നൽകും. എന്നാൽ ഈ ആനുകൂല്യം ലഭിച്ച വാഹനം പിന്നീട് നിരത്തിലിറക്കിയാൽ 2026 ഏപ്രിൽ 1 മുതലുള്ള മുഴുവൻ നികുതിയും പലിശ സഹിതം അടയ്ക്കേണ്ടിവരും. ഭാവിയിൽ ഇത്തരം ഇളവുകൾ ലഭ്യമാകില്ലെന്നതിനാൽ കുടിശ്ശികയുള്ളവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






