ഇപിഎഫ് അക്കൗണ്ട് ഉണ്ടോ? ഇ-നോമിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ കുടുംബത്തിന് വലിയ തിരിച്ചടിയാകും!

ഇ-നോമിനേഷൻ നൽകുന്നതിലൂടെ മരണശേഷം കുടുംബാംഗങ്ങൾക്കിടയിൽ പണത്തെച്ചൊല്ലിയുണ്ടായേക്കാവുന്ന തർക്കങ്ങളും അനാവശ്യമായ നിയമനടപടികളും ഒഴിവാക്കാൻ സാധിക്കും

ഇപിഎഫ് അക്കൗണ്ട് ഉണ്ടോ? ഇ-നോമിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ കുടുംബത്തിന് വലിയ തിരിച്ചടിയാകും!
ഇപിഎഫ് അക്കൗണ്ട് ഉണ്ടോ? ഇ-നോമിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ കുടുംബത്തിന് വലിയ തിരിച്ചടിയാകും!

പിഎഫ് അക്കൗണ്ടിൽ നോമിനിയെ ചേർക്കുന്നത് (e-Nomination) ഓരോ ജീവനക്കാരനും അത്യന്താപേക്ഷിതമായ ഒരു നടപടിയാണ്. അക്കൗണ്ട് ഉടമയുടെ അപ്രതീക്ഷിത വിയോഗമുണ്ടായാൽ കുടുംബാംഗങ്ങൾക്ക് പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ , ഇൻഷുറൻസ് എന്നീ ആനുകൂല്യങ്ങൾ യാതൊരു തടസ്സവുമില്ലാതെ വേഗത്തിൽ ലഭിക്കാൻ ഇത് സഹായിക്കും. നോമിനേഷൻ നൽകിയിട്ടില്ലെങ്കിൽ അത് കുടുംബാംഗങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം.

ഇ-നോമിനേഷൻ നൽകുന്നതിലൂടെ മരണശേഷം കുടുംബാംഗങ്ങൾക്കിടയിൽ പണത്തെച്ചൊല്ലിയുണ്ടായേക്കാവുന്ന തർക്കങ്ങളും അനാവശ്യമായ നിയമനടപടികളും ഒഴിവാക്കാൻ സാധിക്കും. മാത്രമല്ല, വിവാഹം, കുട്ടികളുടെ ജനനം തുടങ്ങിയ പ്രധാന ജീവിത സാഹചര്യങ്ങളിൽ നോമിനേഷൻ കൃത്യമായി പുതുക്കാനും ഈ സൗകര്യം ഉപയോഗിക്കാം. ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള യുഎഎൻ ഉള്ള എല്ലാ ഇപിഎഫ് അംഗങ്ങൾക്കും ഇപിഎഫ്ഒ മെമ്പർ പോർട്ടൽ വഴി ഓൺലൈനായി വളരെ എളുപ്പത്തിൽ നോമിനിയെ ചേർക്കാം. ഇതിനായി ഇപിഎഫ്ഒ ഓഫീസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ല.

Also Read:പശ്ചിമേഷ്യയിലെ യുദ്ധമേഘങ്ങൾ വിപണിക്ക് തിരിച്ചടിയായി; ഓഹരികൾ കൂപ്പുകുത്തി, ബാങ്കിംഗ് മേഖലയിൽ വൻ തകർച്ച!

ഇ-നോമിനേഷൻ പൂർത്തിയാക്കുന്നതിനായി ആദ്യം ഇപിഎഫ്ഒ മെമ്പർ പോർട്ടലിൽ ലോഗിൻ ചെയ്യുക. ഇതിനായി നിങ്ങളുടെ യുഎഎൻ നമ്പറും പാസ്‌വേഡും ഉപയോഗിക്കുക. ലോഗിൻ ചെയ്ത ശേഷം മെനുവിലെ ‘Manage’ എന്ന ടാബ് തിരഞ്ഞെടുത്ത് അതിൽ ‘e-Nomination’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ ഫാമിലി ഡിക്ലറേഷൻ ചോദിക്കുമ്പോൾ ‘Yes’ നൽകുക. ശേഷം നോമിനിയുടെ പേര്, ജനനത്തീയതി, ആധാർ വിവരങ്ങൾ, വിലാസം, ഫോട്ടോ എന്നിവ നൽകണം. ഒന്നിൽക്കൂടുതൽ നോമിനികളുണ്ടെങ്കിൽ ഓരോരുത്തർക്കും എത്ര ശതമാനം തുക ലഭിക്കണം എന്നത് കൃത്യമായി രേഖപ്പെടുത്തി സേവ് ചെയ്യുക.

വിവരങ്ങൾ സേവ് ചെയ്തതുകൊണ്ട് മാത്രം നോമിനേഷൻ പൂർത്തിയാകില്ല. ‘e-sign’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ആധാർ നമ്പറോ വിർച്വൽ ഐഡിയോ നൽകി, ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിൽ വരുന്ന ഒടിപി വഴി വെരിഫൈ ചെയ്യണം. ആധാർ ഒടിപി വെരിഫിക്കേഷൻ പൂർത്തിയാക്കി ‘Nomination Successful’ എന്ന് കാണിച്ചാൽ മാത്രമേ നോമിനേഷൻ നടപടികൾ പൂർത്തിയാവുകയുള്ളൂ. ഭാവിയിലെ വലിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ട് പരിശോധിച്ച് ഇ-നോമിനേഷൻ പൂർത്തിയായിട്ടുണ്ടെന്ന് ഇപ്പോൾത്തന്നെ ഉറപ്പുവരുത്തുക.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top