അസാധാരണ വലിപ്പമുള്ള മീനുകളെ കഴിക്കരുത്! നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ അതീവ ജാഗ്രതാ നിർദ്ദേശം!

ചമ്പാരൻ, ഗോപാൽഗഞ്ച്, ബഗാഹ, സാരൻ തുടങ്ങിയ അതിർത്തി ജില്ലകളിൽ പ്രളയജലത്തിനൊപ്പം ഭീമൻ മീനുകൾ ഒഴുകിയെത്തിയിരുന്നു

അസാധാരണ വലിപ്പമുള്ള മീനുകളെ കഴിക്കരുത്! നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ അതീവ ജാഗ്രതാ നിർദ്ദേശം!
അസാധാരണ വലിപ്പമുള്ള മീനുകളെ കഴിക്കരുത്! നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ അതീവ ജാഗ്രതാ നിർദ്ദേശം!

നേപ്പാളിലെ പ്രളയക്കെടുതിക്ക് പിന്നാലെ അതിർത്തി നദികളിലൂടെ ബിഹാറിലേക്ക് ഒഴുകിയെത്തുന്ന അസാധാരണ വലിപ്പമുള്ള മത്സ്യങ്ങൾ കഴിക്കരുതെന്ന് കർശന മുന്നറിയിപ്പുമായി ബിഹാർ സർക്കാർ. ചമ്പാരൻ, ഗോപാൽഗഞ്ച്, ബഗാഹ, സാരൻ തുടങ്ങിയ അതിർത്തി ജില്ലകളിൽ പ്രളയജലത്തിനൊപ്പം ഭീമൻ മീനുകൾ ഒഴുകിയെത്തിയിരുന്നു. ഡോൾഫിനോട് സാദൃശ്യമുള്ളതും 27 മുതൽ 45 കിലോഗ്രാം വരെ ഭാരമുള്ളതുമായ ബരാലി, ഗോയിത തുടങ്ങിയ അപൂർവ്വയിനം മത്സ്യങ്ങളെയാണ് പ്രദേശവാസികൾ വ്യാപകമായി പിടികൂടിയത്. എന്നാൽ ഇത് കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് ക്ഷീര, മത്സ്യ, മൃഗസംരക്ഷണ വകുപ്പ് അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രളയജലത്തിൽ അവശിഷ്ടങ്ങളും വിവിധ മാലിന്യങ്ങളും കലർന്നിട്ടുള്ളതിനാൽ, ഈ വെള്ളത്തിലൂടെയെത്തുന്ന മത്സ്യങ്ങളിൽ ഗുരുതരമായ രോഗാണുക്കളും വൈറസുകളും അടങ്ങിയിരിക്കാൻ സാധ്യതയേറെയാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള മീനുകൾ പിടിക്കുകയോ, പാകം ചെയ്ത് കഴിക്കുകയോ, വിപണിയിൽ വിൽക്കുകയോ ചെയ്യരുതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. പ്രളയജലത്തിലെ മലിനീകരണം കാരണം ഇവയുടെ ശരീരത്തിൽ വിഷാംശം അടിഞ്ഞുകൂടിയിട്ടുണ്ടാകാമെന്നാണ് ശാസ്ത്രീയ നിഗമനം.

Also Read: ബ്രിക്‌സ് സമ്മേളനത്തിന് മുമ്പ് പ്രതിഷേധം പേടിച്ച് കേന്ദ്രം! വിദ്യാർഥി സമരത്തിന് ‘ബ്രേക്ക്’ ഇട്ട് സുപ്രീംകോടതി

ഈ ഭീമൻ മത്സ്യങ്ങൾ കഴിച്ചതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടവർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ എത്തി വിദഗ്ധ ചികിത്സ തേടണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. കൂടാതെ, ആരെങ്കിലും ഇത്തരം അസാധാരണ മത്സ്യങ്ങളെ പിടികൂടുകയാണെങ്കിൽ അവ ഉപേക്ഷിക്കണമെന്നും ഉടൻ തന്നെ പ്രാദേശിക ഭരണകൂടത്തെയോ ജില്ലാ ഫിഷറീസ് ഓഫീസറെയോ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി അതിർത്തി മേഖലകളിൽ കർശന നിരീക്ഷണവും ബോധവൽക്കരണവും ഊർജിതമാക്കിയിരിക്കുകയാണ് അധികൃതർ.

Share Email
Top