“one may smile and smile and be a villain” – ഷേക്സ്പിയർ
“ഒരാൾ പുഞ്ചിരിച്ചുകൊണ്ട്, പുഞ്ചിരിച്ചുകൊണ്ട് വില്ലനാകാം” – ഷേക്സ്പിയർ
നിയമം തെറ്റിച്ചവർക്ക് ശിക്ഷ ലഭിക്കണം. എന്നാൽ, ആ ശിക്ഷ ഒരു വ്യക്തിയെ മരണത്തിലേക്ക് തള്ളിവിടുന്നതിനേക്കാൾ ഭീകരമായ ഒന്നായി മാറിയാലോ? വധശിക്ഷ ഒഴിവാക്കപ്പെട്ട പല രാജ്യങ്ങളിലും, കുറ്റവാളികളെ കാത്തിരിക്കുന്നത് അതിലും വലിയ ഭീകരതയാണ് എന്ന് പറഞ്ഞാൽ നിങ്ങൾക്കത് അംഗീകരിക്കുവാൻ കഴിയുമോ..?
ലോക ഭൂപടത്തിൽ, റഷ്യയുടെ തണുത്തുറഞ്ഞ കോണുകളിൽ സ്ഥിതി ചെയ്യുന്ന ചില ജയിലുകൾ അത്തരമൊരു നരകമാണ്. “ലോകത്തിലെ ഏറ്റവും ക്രൂരമായ ജയിൽ” എന്നതിന് ഔദ്യോഗികമായ ഒരു ഉത്തരമില്ലെങ്കിലും, റഷ്യൻ ജയിൽ സംവിധാനം അതിശക്തമായ ഏകാന്തത നിറഞ്ഞ ശിക്ഷാ കോളനികൾക്ക് (Penal Colonies) പേരുകേട്ടവയാണ്. സ്വാതന്ത്ര്യം, വെളിച്ചം, പ്രതീക്ഷ… ഈ വാക്കുകൾക്ക് അവിടെ അർത്ഥമില്ല. കഠിനമായ ശിക്ഷ നൽകി ‘തിരുത്തുന്നതിനേക്കാൾ’, മനുഷ്യന്റെ ആത്മാവിനെ മരവിപ്പിച്ചു കളയുന്ന, ഏറ്റവും കടുപ്പമേറിയ ജയിലുകളുടെ ഇരുളടഞ്ഞ ഒരു കഥയാണിത്. ഇത് വെറും സങ്കല്പിക്കാമോ കെട്ടുകഥകയോ അല്ല ‘വധശിക്ഷയേക്കാൾ ഭീകരമായ ഒരു ജീവിതമാണ്….
ഈ ജയിലുകൾക്ക് ഇത്രയും ഭീകരമായ പ്രതിച്ഛായ ലഭിച്ചതിന് പിന്നിലെ പ്രധാന കാരണം, അവയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ്. പല ജയിലുകളും സ്ഥിതി ചെയ്യുന്നത് സൈബീരിയയിലെ മരംകോച്ചുന്ന തണുപ്പിലാണ്. താപനില മൈനസ് ഡിഗ്രിയിലേക്ക് താഴുന്നത് തടവുകാരുടെ ശരീരത്തെ മാത്രമല്ല, മനസ്സിനെയും മരവിപ്പിക്കുന്നു. പുറംലോകവുമായി ബന്ധമില്ലാതെ, കിലോമീറ്ററുകളോളം വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുന്ന ഈ തടവറകളിൽ നിന്ന് രക്ഷപ്പെടുക എന്നത് കേവലം ഒരു ‘സ്വപ്നം’ മാത്രമാണ്. അതോടൊപ്പം പഴകിയതും ഇടുങ്ങിയതുമായ സെല്ലുകൾ. അവിടെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. തണുപ്പും വൃത്തിയില്ലായ്മയും കാരണം രോഗങ്ങളും ഇവിടെ പതിവാണ്.
വാസ്തവത്തിൽ ഈ ജയിലുകളിലെ ഏറ്റവും വലിയ ശിക്ഷ മരണം നൽകുന്നതിലല്ല, മറിച്ച് ‘ജീവിച്ചിരിക്കാൻ’ അനുവദിക്കുന്നതിലാണ്. ഇവിടെ തടവുകാർക്ക് ഇളവുകളോ ആനുകൂല്യങ്ങളോ ലഭിക്കാറില്ല. ക്രൂര കുറ്റകൃത്യം ചെയ്തവർക്ക് കഠിനമായ ഏകാന്ത തടവുകളാണ് നൽകുന്നത്. മാസങ്ങളോളം, ഒരു മനുഷ്യന്റെ ശബ്ദം പോലും കേൾക്കാതെ, നാല് ചുവരുകൾക്കുള്ളിൽ കഴിയുമ്പോൾ, മനുഷ്യൻ്റെ മാനസികാരോഗ്യം തകരാറിലാവുന്നു. ഒരുപക്ഷെ വധശിക്ഷ ലഭിച്ചാൽ വേദന വേഗത്തിൽ അവസാനിച്ചേക്കാം. എന്നാൽ, ഈ ജയിലുകളിൽ, ഓരോ ദിവസവും അതിജീവിക്കുക എന്നത് അവസാനിക്കാത്ത ഒരു ശിക്ഷാവിധിയാണ്. പ്രതീക്ഷ നഷ്ടപ്പെട്ട്, ഭയത്തിൽ മാത്രം ജീവിക്കേണ്ടി വരുന്ന ഒരു അവസ്ഥ.
അതായത് ഈ ജയിലുകൾക്കുള്ളിലെ ഓരോ തടവുകാരന്റെയും ജീവിതം ഒരു നേർത്ത നൂലിൽ തൂങ്ങിക്കിടക്കുന്നത് പോലെത്രയും സങ്കീർണമാണെന്നു തന്നെ പറയാം. ഏറ്റവും കുറഞ്ഞ പോഷകമൂല്യമുള്ള, നിലവാരം കുറഞ്ഞ ഭക്ഷണം മാത്രമാണ് പലപ്പോഴും ലഭിക്കുന്നത്. ഇത് പോരാത്തതിന്, മതിയായ വൈദ്യസഹായം ലഭിക്കാതെ പലരും രോഗങ്ങൾക്ക് കീഴടങ്ങുന്നു. സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിനേക്കാൾ വലുതാണ്, പ്രതീക്ഷ നഷ്ടപ്പെടുന്നതിലൂടെ ഉണ്ടാകുന്ന മാനസിക തളർച്ച. ഒരു തിരുത്തൽ കേന്ദ്രം എന്നതിനേക്കാൾ, മനുഷ്യനെ പൂർണ്ണമായും ഇല്ലാതാക്കുന്ന ഒരു സ്ഥലമായി ഈ ജയിലുകൾ മാറുന്നുണ്ടോ എന്നതും പലർക്കും മനസ്സിൽ തികട്ടിൽ വരുന്ന ചിന്തകളാണ്.
എന്നാൽ മറ്റൊരു രീതിയിൽ ചിന്തിക്കാം, ഒരു തെറ്റ് ചെയ്യുമ്പോൾ, അതിൻ്റെ ഭാരം പേറുന്നത് മറുവശത്ത് ജീവിതം തന്നെ തകർന്നുപോയ നിരപരാധികളായ ഒരുകൂട്ടം മനുഷ്യരാണ്. പ്രിയപ്പെട്ടവരെ ക്രൂരമായി നഷ്ടപ്പെടുന്ന വേദന, മനുഷ്യനെ സംബന്ധിച്ച് അംഗീകരിക്കാനോ, കാലം കൊണ്ട് മറക്കാനോ സാധിക്കാത്ത ആഴത്തിലുള്ള മുറിവാണ്. ഈ വേദന താങ്ങുന്നവർ തീർച്ചയായും ആഗ്രഹിക്കുന്നത് കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ലഭിക്കണം എന്നുതന്നെയാണ്. ഇരകളുടെ നീതിക്ക് വേണ്ടിയുള്ള മുറവിളി കേവലം പ്രതികാരമല്ല, മറിച്ച് നഷ്ടപ്പെട്ട ജീവിതത്തിൻ്റെ മൂല്യമാണ്.
മാത്രമല്ല, ഈ ശിക്ഷാ നടപടികൾക്ക് ഒരുപക്ഷെ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. ക്രൂരമായ ശിക്ഷകൾ ഭയന്ന് ഒരുപാട് ആളുകൾ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിഞ്ഞേക്കാം. ജയിലറകൾ കൂടുതൽ ഭീകരമാവുകയും ശിക്ഷ കഠിനമാവുകയും ചെയ്യുമ്പോൾ, അത് കുറ്റം ചെയ്യാൻ ഒരുങ്ങുന്ന മനസ്സുകൾക്ക് ഒരു കടുപ്പമേറിയ താക്കീത് ആയി മാറും. അങ്ങനെ, കഠിനമായ ശിക്ഷാ രീതികളിലൂടെ വ്യക്തിപരമായ നീതി ഉറപ്പാക്കുന്നതിനൊപ്പം, കുറ്റകൃത്യങ്ങൾ കുറച്ച് ഒരു സുരക്ഷിത സമൂഹം കെട്ടിപ്പടുക്കാനും നമുക്ക് സാധിക്കും. നീതി നടപ്പാകണം, അത് കാണുമ്പോൾ കൂടുതൽ പേർ തെറ്റിൽ നിന്ന് അകന്നു നിൽക്കണം; അതാണ് ഒരു രാഷ്ട്രത്തിൻ്റെ കടമ.
രണ്ടു വശവും ഉൾപ്പെട്ട ഈ തടവറകളുടെ കഥകൾ കേൾക്കുമ്പോൾ, നമ്മൾ ഓരോരുത്തരുടെയും മനസ്സിൽ ഒരു ചോദ്യം ഉയരും, കുറ്റവാളികളെ ‘തിരുത്തി’ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണോ, അതോ അവർ ചെയ്ത തെറ്റിന് പരമാവധി വേദന നൽകുന്ന ഇത്തരം ജയിലുകളിൽ അടയ്ക്കുന്നതാണോ ശരി?
ഈ എഴുത്ത് ഇവിടെ അവസാനിക്കുമ്പോൾ, വധശിക്ഷയേക്കാൾ കഠിനമായ ഒരു തടവറയുടെ ഭീകരത നമ്മെ അലട്ടുന്നു. കൊടുംകുറ്റവാളികൾക്ക് പോലും, ജീവിക്കാൻ ഏറ്റവും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, നല്ല ചികിത്സാ സൗകര്യങ്ങളും, നല്ല ഭക്ഷണവും നൽകി പരിവർത്തനത്തിന് അവസരം കൊടുക്കുകയാണോ വേണ്ടത്? അതോ, ചെയ്ത പാപത്തിന് മരണത്തേക്കാൾ കഠിനമായ ഇത്തരം തണുത്തുറഞ്ഞ ഏകാന്തത നൽകി ശിക്ഷ പൂർത്തിയാക്കുകയാണോ നീതി? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.






