ഡല്‍ഹി: രാജ്യസഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ഡിഎംകെ എംപി. രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളും പൂട്ടണമെന്നും ദേശീയപാത നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ഒരു ചെറിയ തുക ഒറ്റതവണയായി ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് ഡിഎംകെ എംപി സ്വകാര്യ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്.രാജ്യത്താകെ 983 ടോള്‍ പ്ലാസകളാണ് നിലവിലുള്ളത്. 2023 24 കാലത്ത് 55,844 കോടി രൂപ ഇവിടങ്ങളില്‍ നിന്നായി പിരിച്ചെടുത്തു. ടോള്‍ പ്ലാസകളുടെ എണ്ണവും ടോള്‍ നിരക്കും ഉയരുന്നത് ജനങ്ങള്‍ക്ക് മേല്‍ അധിക ബാധ്യതയാണെന്ന് എംപി അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ പറയുന്നു.
1956 ലെ ദേശീയപാത നിയമം സെക്ഷന്‍ എട്ട് പ്രകാരമാണ് നിലവില്‍ രാജ്യത്ത് സ്വകാര്യ കമ്പനികള്‍ നിര്‍മ്മിക്കുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കുമാണ് ടോള്‍ പിരിക്കാന്‍ അനുവാദമുള്ളത്. ഇത് ജന ജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ടെന്ന് ബില്ലില്‍ എം പി വിമര്‍ശിച്ചു. ഓരോ 60 കിലോമീറ്റര്‍ പരിധിയിലും ഒരു ടൗണ്‍ പ്ലാസ എന്ന നയം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സമയബന്ധിതമായി തന്നെ ഇത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ടോള്‍ പ്ലാസ സംവിധാനം രാജ്യത്ത് നടപ്പിലാക്കിയ ശേഷം, ടോള്‍ ആയി ഇതുവരെ പിരിച്ചെടുത്ത തുകയുടെയും വിശദവിവരങ്ങള്‍ അടങ്ങിയ ധവളപത്രം രാജ്യസഭയുടെ മേശപ്പുറത്ത് വെയ്ക്കണമെന്നും എംപി ബില്ലില്‍ ആവശ്യപ്പെട്ടു.
Also Read: ചെന്നമനേനി രമേശിന് കോടതിയില്‍ കനത്ത തിരിച്ചടി; 30 ലക്ഷം രൂപ പിഴ
ടോള്‍ പ്ലാസമായി ബന്ധപ്പെട്ട് 2023 സിഎജി കണ്ടെത്തിയ ക്രമക്കേടില്‍ അന്വേഷണം വേണം. വാഹനങ്ങള്‍ക്ക് കണക്കില്‍ പെടാത്ത ടോള്‍ ഇളവ്, ടോള്‍ വരവ് കുറച്ചു കാണിക്കുക തുടങ്ങി 1000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്. ഇതിനെല്ലാം പുറമേ ടോള്‍ പ്ലാസുകളില്‍ വാഹനങ്ങളുടെ നീണ്ട ക്യൂ ഉണ്ടാവുന്നത് യാത്രസമയം നഷ്ടവും ഇന്ധന ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും അന്തരീക്ഷ മലിനീകരണം കൂട്ടുകയും ചെയ്യുന്നുവെന്നും അദ്ദേഹം സ്വകാര്യ ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.