കർണാടകയിൽ ഇനി ‘ഡി.കെ’ യുഗം; 25-ാമത് മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു!

ഇന്ത്യൻ ഭരണഘടനയുടെ ഒരു ചെറുപതിപ്പ് കൈയിലേന്തിയാണ് ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത് എന്നത് ചടങ്ങിലെ ശ്രദ്ധേയമായ കാഴ്ചയായി

കർണാടകയിൽ ഇനി ‘ഡി.കെ’ യുഗം; 25-ാമത് മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു!
കർണാടകയിൽ ഇനി ‘ഡി.കെ’ യുഗം; 25-ാമത് മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു!

ർണാടക രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം കുറിച്ച് കോൺഗ്രസിന്റെ കരുത്തനായ നേതാവ് ഡി.കെ ശിവകുമാർ സംസ്ഥാനത്തിന്റെ 25-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യൻ ഭരണഘടനയുടെ ഒരു ചെറുപതിപ്പ് കൈയിലേന്തിയാണ് ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത് എന്നത് ചടങ്ങിലെ ശ്രദ്ധേയമായ കാഴ്ചയായി. കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിലെ ‘ട്രബിൾഷൂട്ടർ’ എന്ന് അറിയപ്പെടുന്ന ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരടങ്ങുന്ന വൻ കോൺഗ്രസ് നേതൃനിര തന്നെയാണ് ഒന്നിച്ച് എത്തിയത്. കേരളത്തിൽ നിന്നുള്ള നേതാക്കളായ വി.ഡി സതീശൻ, രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലുകളെ തുടർന്നാണ് സിദ്ധരാമയ്യ സ്ഥാനം രാജിവെക്കാൻ തയ്യാറായത്. തുടർന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ സിദ്ധരാമയ്യ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേര് നിർദ്ദേശിച്ചത്. എട്ടുതവണ എംഎൽഎയായ ശിവകുമാർ കർണാടകയിലെ നിർണ്ണായക ശക്തിയായ വൊക്കലിംഗ വിഭാഗത്തിൽ നിന്നുള്ള നേതാവാണ്. ശിവകുമാറിനൊപ്പം മുതിർന്ന കോൺഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. സിദ്ധരാമയ്യയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് മുൻ ആഭ്യന്തരമന്ത്രി കൂടിയായ ജി. പരമേശ്വരയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. കെ.എച്ച് മുനിയപ്പ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും യു.ടി ഖാദർ അടക്കം രണ്ട് മലയാളികളും ഉൾപ്പെടുന്ന 14 അംഗ മന്ത്രിസഭയാണ് പുതിയ സർക്കാരിൽ ഒപ്പമുള്ളത്.

മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ചർച്ചകൾക്കിടയിൽ ഹൈക്കമാൻഡ് സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് താൽപ്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. തുടർന്ന് തന്റെ വസതിയിൽ വെച്ച് നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് ഹൈക്കമാൻഡ് തീരുമാനം സിദ്ധരാമയ്യ സഹപ്രവർത്തകരെ അറിയിച്ചത്. “കോൺഗ്രസ് ഹൈക്കമാൻഡ് ഡി.കെ ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി നിർദ്ദേശിച്ചിരിക്കുകയാണ്, അതിനോട് ഞാനും യോജിക്കുന്നു” എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം പുതിയ ഭരണകൂടത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്. വലിയ തർക്കങ്ങൾക്കൊടുവിലും ഒത്തൊരുമയോടെയുള്ള ഈ നേതൃമാറ്റം കർണാടക കോൺഗ്രസിന് പുതിയ കരുത്ത് പകരുന്നതാണ്.

Share Email
Top