സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം; 900 കോടി അനുവദിച്ച് സർക്കാർ

സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം; 900 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 29 മുതൽ ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. നിലവിൽ അഞ്ച് മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്. ഏപ്രിൽ മുതൽ ക്ഷേമ പെൻഷൻ വിതരണം കുടിശികയില്ലാതെ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല.

ഇതിനിടയ്ക്കാണ് ഈ വര്‍ഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിൽ നിന്ന് അനുമതി കിട്ടിയത്. ക്ഷേമ പെൻഷൻ വിതരണത്തിനും വിരമിക്കൽ ആനുകൂല്യങ്ങൾക്കും ഈ തുക ധനവകുപ്പിന് ആശ്വാസമാണ്. നേരത്തെ മാർച്ച് മാസം അവസാനം ക്ഷേമ പെൻഷൻ്റെ ഒരു ഗഡു വിതരണം ചെയ്തിരുന്നു. ഏപ്രിൽ മാസം വിഷുവിന് മുൻപായി രണ്ടു മാസത്തെ ഗഡു കൂടി വിതരണം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒരു മാസത്തെ ഗഡുകൂടി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തുക അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ക്ഷേമ പെൻഷൻ വിതരണവും തടസ്സപ്പെട്ടത്. 1,600 രൂപ വീതമാണ് ഒരാൾക്ക് പെൻഷൻ നൽകുന്നത്. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് 900 കോടി രൂപയാണ് വേണ്ടത്. ക്ഷേമ പെൻഷൻ വിതരണം മുടങ്ങുന്നതിൽ നേരത്തെ എൽഡിഎഫ് യോഗത്തിൽ സിപിഐ വിമർശനം ഉന്നയിച്ചിരുന്നു.

Top