മോദിയുടെ ക്യാംപിൽ അതൃപ്തി; ഏറ്റവും ചെറിയ അസ്വസ്ഥതകൾ പോലും സർക്കാരിനെ വീഴ്ത്താമെന്ന് രാഹുൽ ഗാന്ധി

മോദിയുടെ ക്യാംപിൽ അതൃപ്തി; ഏറ്റവും ചെറിയ അസ്വസ്ഥതകൾ പോലും സർക്കാരിനെ വീഴ്ത്താമെന്ന് രാഹുൽ ഗാന്ധി

ഡൽഹി: ഭൂരിപക്ഷം നേടാനാകാതെ മോദി സർക്കാർ നിലനിൽക്കാൻ പാടുപെടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്നും വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

”ഇന്ത്യൻ രാഷ്ട്രീയത്തിൽ വൻമാറ്റം സംഭവിച്ചിരിക്കുന്നു. സംഖ്യകൾ വളരെ ദുർബലമാണ്, ഏറ്റവും ചെറിയ അസ്വസ്ഥത സർക്കാരിനെ വീഴ്ത്തിയേക്കാം,’ രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമ്പിനുള്ളിൽ വലിയ അതൃപ്തി ഉണ്ടെന്ന് അവകാശപ്പെട്ട ഗാന്ധി, കൂറുമാറ്റങ്ങളെക്കുറിച്ചും സൂചന നൽകി.

”അതിനുള്ളിൽ നിന്ന് ഞങ്ങളുമായി സമ്പർക്കം പുലർത്തുന്ന ആളുകളുണ്ട്,” അദ്ദേഹം വിശദാംശങ്ങളിലേക്ക് കടക്കാതെ പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പ് ഫലത്തെ ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരായ ജനവിധി എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ”നിങ്ങൾക്ക് വിദ്വേഷം പരത്താം, ദേഷ്യം പടർത്താം, അതിന്റെ നേട്ടം കൊയ്യാം എന്ന ആശയം ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത തള്ളിക്കളഞ്ഞു,” അദ്ദേഹം പറഞ്ഞു.

2014ലും 2019ലും പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും വേണ്ടി പ്രവർത്തിച്ചത് ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ 10 വർഷമായി അയോധ്യയെക്കുറിച്ച് സംസാരിച്ച പാർട്ടി അയോധ്യയിൽ തുടച്ചുനീക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Top