ഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ജന്മദിനത്തിൽ യുവതിയെ ഭർത്താവ് നടുറോഡിൽ വെടിവെച്ചുകൊന്നു. ഡൽഹി പോലീസ് കോൺസ്റ്റബിളായ മനീഷ് ഭാട്ടിയാണ് ഭാര്യ പ്രിയങ്കയെ (26) കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊല്ലപ്പെട്ട പ്രിയങ്ക അധ്യാപികയായിരുന്നു.
രാവിലെ ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കടുത്ത വാക്കേറ്റമുണ്ടാകുകയും, തുടർന്ന് പ്രകോപിതനായ മനീഷ് പ്രിയങ്കയ്ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. വെടിയേറ്റ് റോഡിൽ വീണ പ്രിയങ്കയെ ഉപേക്ഷിച്ച് മനീഷ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. വഴിപോക്കനായ ഒരാളാണ് ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ ഉടൻ തന്നെ സമീപത്തെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിച്ചതെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡൽഹി പോലീസിലെ ആന്റി ഓട്ടോ തെഫ്റ്റ് സ്ക്വാഡ് അംഗമാണ് പ്രതിയായ മനീഷ് ഭാട്ടി. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.






