വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിവാദത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ചർച്ചകൾ നടന്നിരുന്നോ എന്ന ചോദ്യത്തിന് അവ്യക്തമായ മറുപടി നൽകി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പതിറ്റാണ്ടുകളായി വിഴിഞ്ഞം വിഷയത്തിൽ പലവിധ ചർച്ചകളും നടക്കുന്നുണ്ടെന്നും, ആർക്കും ആരുമായും ചർച്ച നടത്തുന്നതിൽ പാർട്ടിക്ക് അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ യഥാർത്ഥ കരാർ ഒപ്പിട്ടത് യു.ഡി.എഫ് സർക്കാരാണെന്ന സത്യം നിലനിൽക്കെ, ഇടതുമുന്നണിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ 49 ശതമാനം ഓഹരികൾ വിൽക്കാനായി സംസ്ഥാന സർക്കാരിന്റെ അറിവോ സമ്മതമോ ഇല്ലാതെ കേന്ദ്രത്തെ സമീപിച്ച നടപടിയുടെ അടിസ്ഥാനമെന്താണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും രാഹുൽ ഗാന്ധിയും വിശദീകരിക്കണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. അദാനിയുടെ വക്താക്കൾക്കൊപ്പം മംഗലാപുരത്തേക്ക് പ്രത്യേക വിമാനത്തിൽ യാത്ര നടത്തിയതിനെക്കുറിച്ച് വി.ഡി. സതീശൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഓഹരി കൈമാറ്റം ഉണ്ടായിട്ടില്ലെങ്കിൽ അത് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലല്ല, മറിച്ച് ഔദ്യോഗിക നിലപാടായി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സി.പി.എമ്മിൽ ഭിന്നതയില്ലെന്ന് ടി.പി. രാമകൃഷ്ണൻ
നേരത്തെ വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തിലൂടെ ഉന്നയിച്ച ആരോപണങ്ങളെ മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളിയിരുന്നു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അദാനി കമ്പനിയുമായി എന്തെങ്കിലും തരത്തിലുള്ള ഓഹരി കൈമാറ്റ ചർച്ചകളോ ആശയവിനിമയങ്ങളോ നടന്നിട്ടുണ്ടോ എന്ന് വെളിപ്പെടുത്താൻ പിണറായി വിജയൻ തയ്യാറാകുമോ എന്ന് സതീശൻ മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ്, ഇപ്പോൾ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്.





