ന്യൂ ഡൽഹി: ഗാസക്കായി, സത്യാഗ്രഹങ്ങളുടെ ഡിജിറ്റൽ വേർഷനായ ‘ഡിജിറ്റൽ സത്യാഗ്രഹം’ ആഹ്വാനം ചെയ്തിരിക്കുകയാണ് സിപിഐ (എം). ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൽ നിന്നും ലാഭം കൊയ്യുന്ന 48 ടെക് ഭീമന്മാരുടെ പട്ടികയിൽ ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, ഐബിഎം എന്നിവ ഉൾപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടനയുടെ സ്പെഷ്യൽ റിപ്പോർട്ടർ ഫ്രാൻസെസ്‌കാ അൽബേനിസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
“സോഷ്യൽ മീഡിയ ഉപയോഗിക്കാതെ, കമന്റുകളോ മെസേജുകളോ ചെയ്യാതെ അര മണിക്കൂർ നീളുന്ന ഡിജിറ്റൽ മൗനം”- സിപിഐ (എം) ജനറൽ സെക്രട്ടറി എം എ ബേബി എക്‌സ് ഹാൻഡിലിൽ കുറിച്ചു.
ഡിജിറ്റൽ ആപ്ലിക്കേഷനുകളിലൂടെ വൻകിട കോർപറേറ്റുകളാണ് ലാഭം കൊയ്യുന്നത്. സോഷ്യൽ മീഡിയ ഉൾപ്പെടെ വിട്ടുനിന്നു പ്രതിഷേധം രേഖപ്പെടുത്തണമെന്ന് സി പി ഐ (എം) ആവശ്യപ്പെട്ടു. ഒരാഴ്ച നീണ്ടുനിൽക്കുന്ന സത്യാഗ്രഹത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ശനിയാഴ്ചമുതൽ രാത്രി 9 മുതൽ 9:30 വരെയുള്ള സമയങ്ങളിൽ മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണം.
Also Read: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയണം; സുപ്രീം കോടതി
യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്നതിനോടൊപ്പം സകല മാനുഷിക അവകാശങ്ങളും നിഷേധിക്കപ്പെടുന്ന പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യമാണ് ലോകത്തോട് പറയാൻ ശ്രമിക്കുന്നത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കും ഇസ്രായേലിന് ധനസഹായം നൽകുന്ന മുതലാളിത്തത്തിനെതിരെയുമാണ് ഈ സമരം.
‘സൈലൻസ് ഫോർ ഗാസ’ എന്ന ആഗോള കാമ്പെയ്‌നിൽ പങ്കുചേർന്നുകൊണ്ട് ഇസ്രായേൽ അഴിച്ചുവിട്ട ആക്രമണത്തിനെതിരെയും യുദ്ധക്കുറ്റകൃത്യങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നതെന്നും സിപിഐ (എം) പ്രസ്‌താവനയില്‍ വ്യക്തമാക്കി.