മുലയൂട്ടൽ വഴി ധാരാളം കലോറി എരിഞ്ഞുപോവുമെന്നതിനാൽ പ്രസവത്തിന് ശേഷമുള്ള ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാമെന്ന ധാരണ പല പുതിയ അമ്മമാർക്കുമുണ്ട്. എന്നാൽ മുലയൂട്ടൽ കലോറി എരിച്ചു കളയുന്നുണ്ടെങ്കിലും, അതൊരു ശരീരഭാരം കുറയ്ക്കാനുള്ള മാർഗ്ഗമായി കാണാൻ കഴിയില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. മുലപ്പാൽ ഉത്പാദിപ്പിക്കുന്നതിനായി ദിവസേന 330 മുതൽ 500 വരെ അധിക കലോറി ശരീരം ഉപയോഗിക്കുന്നുണ്ടെങ്കിലും, അത് നേരിട്ട് ശരീരഭാരം കുറയുന്നതായി കണക്കാക്കാനാകില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
പ്രസവാനന്തര ശരീരം ഭാരം കുറയ്ക്കുന്നതിനേക്കാൾ ഉപരിയായി രോഗമുക്തിക്കും ഹോർമോൺ ബാലൻസിനും ശിശുവിന് സ്ഥിരമായ പാലുറപ്പാക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്. മുലയൂട്ടൽ അമ്മമാരിൽ കൂടുതൽ വിശപ്പുണ്ടാക്കുന്നതും, നവജാത ശിശുക്കളുടെ പരിചരണത്താൽ ഉണ്ടാകുന്ന ഉറക്കമില്ലായ്മ കോർട്ടിസോൾ അളവ് കൂട്ടി ശരീരഭാരം കുറയ്ക്കുന്നത് തടയുന്നതും പ്രധാന കാരണങ്ങളാണ്. കൂടാതെ കടുത്ത ഡയറ്റുകളോ കലോറി വെട്ടിക്കുറയ്ക്കലോ മുലപ്പാലിന്റെ അളവിനെയും അമ്മയുടെ ഊർജ്ജത്തെയും ബാധിക്കുമെന്നതിനാൽ ആരോഗ്യകരമായ സമീകൃത ആഹാരമാണ് വേണ്ടതെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
ALSO READ;സിനിമ നടിമാർ ചെയ്യും, പക്ഷെ അത്ര എളുപ്പമല്ല! കുഞ്ഞുണ്ടാകാൻ ശരിയായ സമയത്തിനായി കാത്തിരിക്കുകയാണോ? വൈകിയുള്ള ഗർഭധാരണത്തെക്കുറിച്ചുള്ള സത്യം
ശരീരഭാരം എത്ര പെട്ടെന്ന് കുറയുന്നു എന്നതിലുപരി പ്രസവത്തിന് ശേഷം ശരീരം എത്രത്തോളം സുഖം പ്രാപിക്കുന്നു എന്നതാണ് പ്രധാനം. മുലയൂട്ടൽ സ്തനാർബ്ബുദം, അണ്ഡാശയ അർബ്ബുദം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗസാധ്യതകൾ കുറയ്ക്കുന്നതിനൊപ്പം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആരോഗ്യപരമായ ഗുണങ്ങളാണ് നൽകുന്നത്.
പ്രകൃതിയുടെ ആദ്യത്തെ പ്രതിരോധ ആരോഗ്യ സംരക്ഷണമായി മുലയൂട്ടലിനെ കാണണമെന്നും, പഴയ ശരീരത്തിലേക്ക് പെട്ടെന്ന് തിരികെ എത്തുക എന്നതിലുപരി ഒരു പുതിയ ജീവന് രൂപം നൽകുകയും പോഷിപ്പിക്കുകയും ചെയ്ത ശരീരത്തെയാണ് വിലമതിക്കേണ്ടതെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.






