ന്യൂഡൽഹി: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ നീക്കം. സമാധാന ചർച്ചകൾക്ക് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും തയ്യാറാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇരുവരുടെയും വാഗ്ദാനത്തെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സ്വാഗതം ചെയ്തതായി റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. റഷ്യയും യുക്രെയ്നും തമ്മിൽ സമാധാന കരാറിലെത്തിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങൾ ഫലം കാണാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.
യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പിനായി റഷ്യ ഒരുങ്ങുന്നതിനിടെയാണ് സമാധാന ചർച്ചകൾക്ക് പുതിയ സാധ്യത തെളിയുന്നത്. റഷ്യയുമായും യുക്രെയ്നുമായും നല്ല ബന്ധം പുലർത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. യുദ്ധം അവസാനിപ്പിക്കാൻ സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യ നേരത്തെയും ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
ALSO READ:മാനാവും മയിലാവും നരിയാവും, വേണ്ടി വന്നാൽ ഏലിയനുമാവും..! നമ്മൾ കരുതിയ സാധാരണ മനുഷ്യനല്ല അയാൾ…
ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി ചർച്ചയിൽ തർക്കങ്ങൾ പരിഹരിക്കാനുള്ള വഴി സംഭാഷണവും നയതന്ത്രവുമാണെന്ന് മോദി പുട്ടിനോട് പറഞ്ഞതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. റഷ്യയുമായും യുക്രെയ്നുമായും ചൈനയ്ക്കും നല്ല ബന്ധമാണുള്ളത്. അതിനാൽ മോദിയുടെയും ഷിയുടെയും ഇടപെടൽ സമാധാന ചർച്ചകൾക്ക് കൂടുതൽ ശക്തി നൽകുമെന്നാണ് വിലയിരുത്തൽ.
യുദ്ധം ആരംഭിച്ചതിന് ശേഷം പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. ഡിസംബറിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ട്രംപിന്റെ ശ്രമങ്ങൾക്ക് പിന്നാലെ ഇന്ത്യയും ചൈനയും സമാധാന ചർച്ചകളിലേക്ക് ഇടപെടാൻ തയ്യാറാകുന്നത് റഷ്യ–യുക്രെയ്ൻ സംഘർഷത്തിൽ പുതിയ നയതന്ത്ര നീക്കങ്ങൾക്ക് വഴിതുറക്കുമോ എന്നതാണ് ഇനി ശ്രദ്ധേയം.






