ന്യൂഡൽഹി: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് 270ൽ അധികം ആളുകൾ മരിക്കാനിടയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വിമാനത്തിന്റെ രണ്ട് എൻജിനുകളും പ്രവർത്തനരഹിതം ആയതിനാലാണ് അപകടം ഉണ്ടായതെന്നാണ് വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ സ്റ്റീവിന്റെ നിഗമനം. റാം എയർ ടർബൈൻ (റാറ്റ്) വിമാനത്തിന് പുറത്തേക്കു വന്നത് ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം യുട്യൂബ് വീഡിയോയിൽ പറഞ്ഞു. എല്ലാ വൈദ്യുതി സ്രോതസുകളും പ്രവർത്തനരഹിതമാകുമ്പോഴാണ് വിമാനത്തിന്റെ അടിയിൽ നിന്ന് റാറ്റ് തനിയെ പുറത്തു വരുന്നത്. റാറ്റ് പ്രവർത്തിച്ച് തുടങ്ങണമെങ്കിൽ ജനറേറ്ററും എപിയുവും (ആക്സിലറി പവർ യൂണിറ്റ്) ബാറ്ററികളും തകരാറിലാകണം. വൈദ്യുതി നിലയ്ക്കാൻ എൻജിൻ തകരാറിലാകണമെന്നില്ല. എൻജിനുകളെ ജനറേറ്ററുകളുമായി ബന്ധിപ്പിക്കുന്ന ഘടകങ്ങളിൽ തകരാർ സംഭവിച്ചാലും മതി.
മൂന്ന് കാര്യങ്ങളാണ് വിമാന ദുരന്തത്തിന് കാരണമായി സ്റ്റീവ് ചൂണ്ടിക്കാട്ടുന്നത്. വൈദ്യുതി നഷ്ടപ്പെടൽ, ചിറകിലെ ഫ്ളാപ്പുകൾ ശരിയായി ക്രമീകരിക്കാത്തത്, ടേക്ക് ഓഫ് സമയത്ത് ഗിയറിന് പകരം ഫ്ളാപ്പ് ലിവർ തെറ്റായി ഉയർത്തിയത് എന്നിവയാണവ. ഇതിൽ ആദ്യത്തേതിനാണ് സ്റ്റീവ് പ്രാധാന്യം നൽകുന്നത്. വിമാനത്തിന്റെ ചിറകിന്റെ പുറകിലായി വലതു വശത്താണ് റാറ്റ്. അപകട സൂചന ലഭിച്ചാൽ വിമാനത്തിന് ഇലക്ട്രിക്കൽ, ഹൈഡ്രോളിക് പവർ നൽകുന്നത് റാറ്റാണ്. വിമാനത്തിന്റെ എൻജിനിൽ നിന്നുള്ള പവർ സ്വീകരിക്കുന്ന വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലാകുകയും ചെറു ജനറേറ്ററും ബാറ്ററി യൂണിറ്റും പ്രവർത്തനരഹിതമാകുകയും ചെയ്താൽ റാറ്റ് തനിയെ പ്രവർത്തിക്കും.
Also Read: മധ്യപ്രദേശിലെ ശിവ്പുരിൽ മാലിന്യ ടാങ്കില്‍ വീണ് 15കാരിക്ക് ദാരുണാന്ത്യം
ഒരു പവറും ഇല്ലാത്തപ്പോൾ ഓൺ ആകുന്ന സംവിധാനമാണ് റാറ്റ്. സാധാരണ നിലയിൽ ടേക്ക് ഓഫ് സമയത്ത് റാറ്റ് പുറത്തേക്ക് വരാറില്ല. എന്നാൽ വിമാനത്തിനുള്ളിലെ വൈദ്യുതി സംവിധാനങ്ങളെല്ലാം നിലയ്ക്കുമ്പോൾ റാറ്റ് തനിയെ പുറത്തുവരും. കാറ്റിൽ കറങ്ങിയാണ് റാറ്റ് പ്രവർത്തിക്കുന്നത്. ഇത് പ്രവർത്തിക്കുമ്പോൾ വലിയ ശബ്ദമുണ്ടാകും. റാറ്റ് പ്രവർത്തിക്കാതെ ആകണമെങ്കിൽ ജനറേറ്ററും എപിയുവും ബാറ്ററികളും പ്രവർത്തിക്കാതെയാകണം. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വൈദ്യുതി മാത്രമേ റാറ്റിന് നൽകാനാകൂ. മാത്രമല്ല മറ്റ് വിമാനങ്ങളിലേതുപോലെ പൈലറ്റുമാർ വിചാരിച്ചാൽ ഡ്രീംലൈനർ വിമാനത്തിലെ റാറ്റ് സംവിധാനം ഓൺ ആക്കാൻ കഴിയില്ല എന്നതും ആശങ്കാജനകമാണ്. അപകടഘട്ടത്തിൽ റാറ്റ് സംവിധാനം തനിയെ ഓണാകുകയാണ് ചെയ്യുക.
വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലായി എന്നാണ് റാറ്റ് പുറത്തേക്ക് വന്നാലുള്ള അർഥം. റാറ്റ് പ്രവർത്തിച്ചാലും വിമാനത്തിന് ലാൻഡ് ചെയ്യാൻ കഴിയണമെന്നില്ല. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന അവ്യക്തമായ ദൃശ്യങ്ങളിൽ റാറ്റ് പുറത്തേക്ക് വന്നതായി കാണാം. റാറ്റ് പുറത്തേക്ക് വന്നാൽ വലിയ ശബ്ദം ഉണ്ടാകും. ജപ്പാൻ വിമാനം അടിയന്തരമായി ഇറക്കിയപ്പോഴുള്ള ശബ്ദം സ്റ്റീവ് വീഡിയോയിൽ ഉദാഹരണമായി കാണിക്കുന്നുണ്ട്. എയർ ഇന്ത്യ വിമാനം നിലത്തേക്ക് വീഴുന്നതിന് മുൻപ് വലിയ ശബ്ദം കേട്ടതായും ലൈറ്റുകൾ മിന്നിമിന്നി കത്തിയതായും രക്ഷപ്പെട്ട ഏക യാത്രികൻ വ്യക്തമാക്കിയിട്ടുണ്ട്. റാറ്റ് പുറത്തുവന്നാലാണ് അങ്ങനെ സംഭവിക്കുക. മേയ് ഡേ അപായ സന്ദേശം ക്യാപ്റ്റൻ നൽകിയതായും പറയുന്നുണ്ട്. പറന്നുയരാൻ കഴിയുന്നില്ലെന്നാണ് ആ സന്ദേശം നൽകുന്ന സൂചന. വൈദ്യുതി സംവിധാനങ്ങൾ തകരാറിലായതോടെ രണ്ട് എൻജിനുകളും പ്രവർത്തിക്കാതെ ആയതാകാം അതിന് കാരണം.
Also Read: പൂനയിൽ തലേഗാവിൽ പാലം തകർന്ന് വീണു
വിമാനത്തിന്റെ ചിറകിലെ ഫ്ളാപ്പുകൾ നേരെ ഇരിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്. പറന്നുയരുമ്പോൾ ചിറകിന് പിന്നിലെ ഈ പാളികൾ താഴ്ത്തി വയ്ക്കുന്നത് വിമാനത്തിന് മുകളിലേക്ക് ഉയരാൻ ഊർജം കിട്ടാനാണ്. ഊർജമില്ലെങ്കിൽ ഉയര്‍ന്ന് പൊങ്ങാൻ കഴിയില്ല. രണ്ടു ചെക് ലിസ്റ്റുകൾ വിമാനത്തിലുണ്ട്. ഇലക്ട്രോണിക് ചെക് ലിസ്റ്റുമുണ്ട്. അതിനാൽ ഫ്ലാപ്പുകൾ ശരിയായി വയ്ക്കാതെ പറക്കാനാകില്ല. പൈലറ്റ് മാന്വലി ഇങ്ങനെ ചെയ്താൽ ചുവന്ന മുന്നറിയിപ്പ് ലൈറ്റുകൾ ശബ്ദത്തോടെ തുടർച്ചയായി കത്തും. 12 ഡിഗ്രിയിൽ പറന്നുയർന്ന ശേഷം എയർ ഇന്ത്യ വിമാനം താഴേക്ക് പതിക്കുകയായിരുന്നു. പൈലറ്റ് കോ പൈലറ്റിനോട് ഗിയർ ലിവർ വലിക്കാൻ പറഞ്ഞപ്പോൾ കോ പൈലറ്റ് ഫ്ളാപ് ലിവർ മാറി വലിച്ചതുമാകാം അപകട കാരണം. ശക്തി കുറഞ്ഞതോടെ വിമാനം നിലത്തേക്ക് പതിച്ചു. ഗിയർ ലിവർ വലിച്ചിട്ടും വിമാനം ഉയർന്ന് പൊങ്ങാത്തത് പൈലറ്റിന് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കാം. 1500 അടി ഉയരത്തിലെങ്കിലും ആയിരുന്നെങ്കിൽ വീണ്ടും പറന്നുയരാൻ കഴിയുമായിരുന്നെന്നും സ്റ്റീവ് പറയുന്നു.