മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പാറ്റകളുടെ ജന്തർ മന്തർ 2 .0 സമരം ഇടതു സംഘടനകൾ ഹൈജാക്ക് ചെയ്തതായി വിലയിരുത്തുന്ന കോൺഗ്രസ്സ് നേതൃത്വം, ഒക്ടോബർ 12 മുതൽ പരമാവധി പ്രവർത്തകരെ ഡൽഹിയിൽ എത്തിക്കാനാണ് നിലവിൽ ശ്രമിക്കുന്നത്. ഇതു സംബന്ധമായ നിർദ്ദേശം കേരളത്തിലെ നേതാക്കൾക്ക് ഉൾപ്പെടെ, കോൺഗ്രസ്സ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നൽകിയിട്ടുണ്ട്. എന്നാൽ, ഉറപ്പായും കേന്ദ്ര സേനയിൽ നിന്നും ഡൽഹി പൊലീസിൽ നിന്നും അടികിട്ടാൻ സാധ്യതയുള്ള പ്രക്ഷോഭമായതിനാൽ, പല നേതാക്കളും ഡൽഹിയിലേക്കില്ലെന്ന നിലപാടിലാണ് ഉള്ളത്. തിങ്കളാഴ്ച മുതൽ ഡൽഹിയിൽ പരമാവധി പ്രവർത്തകരെ എത്തിക്കാൻ വിവിധ സംസ്ഥാന ഘടകങ്ങളോടും എഐസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടതുപാർട്ടികളും , അവരുടെ യുവജന-വിദ്യാർത്ഥി സംഘടനകളും ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന സമരം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചതും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങൾ അതിൽ മുങ്ങിപ്പോയതുമാണ് കോൺഗ്രസ്സ് നേതൃത്യത്തെ പരിഭ്രാന്തരാക്കിയിരിക്കുന്നത്. അകാശവാണി ഭവൻ വളപ്പിലെ മിന്നൽ സമരം, ലഞ്ച് മീറ്റിംഗുകൾക്ക് ശേഷം ജന്തർമന്തറിലേക്ക് നടത്തിയ പ്രതിഷേധം, രാജ് ഘട്ടിൽ നടത്തിയ പ്രാർത്ഥനാ യോഗം, രാഷ്ട്രപതിക്ക് നൽകിയ നിവേദനം. തുടങ്ങി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളാണ് ഇടതിൻ്റെ പ്രക്ഷോഭ സാഗരത്തിൽപ്പെട്ട് ഇപ്പോൾ മുങ്ങിപ്പോയിരിക്കുന്നത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ നടത്തുന്ന പ്രക്ഷോഭത്തിൽ, പാറ്റകളുമായി സഹകരിക്കേണ്ടതില്ല എന്നതാണ് കോൺഗ്രസ്സ് നിലപാട്. എന്നാൽ, പാറ്റകളുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് ഇടതുപാർട്ടികളും ഇടതു സംഘടനകളും തീരുമാനിച്ചത്. ഇതുവഴി പുതുതലമുറയിൽ ഉൾപ്പെടെ ശക്തമായ സ്വാധീനം ഉണ്ടാക്കാനും ദേശീയ ശ്രദ്ധ പിടിച്ചു പറ്റാനും ഇടതു സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ട്. സി.പി എം എംപിമാരും , എസ് എഫ് ഐ , ഡിവൈഎഫ്ഐ , ഐസ , എഐഎസ് എഫ് സംഘടനകളിലെ നേതാക്കളും പ്രവർത്തകരും എല്ലാം പൊലീസിൽ നിന്നും അടിവാങ്ങിയിട്ടും സമരമുഖത്ത് തുടരുന്നതാണ് ഡൽഹിയിലേക്ക് പ്രവർത്തകരെ വിളിച്ചു വരുത്താൻ കോൺഗ്രസ്സ് നേതൃത്വത്തെ നിർബന്ധിതമാക്കിയിരിക്കുന്നത്. പാറ്റകളെ ഒപ്പം കൂട്ടണമെന്ന ഇടതുപക്ഷത്തിൻ്റെ നിലപാടിനൊപ്പമാണ് തൃണമൂൽ കോൺഗ്രസ്സും , ആംആദ്മി പാർട്ടിയും ഉള്ളത്. യുപി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, സമാജ് വാദി പാർട്ടിയും, കോക്രോച്ച് ജനതാ പാർട്ടിയെ ഒപ്പം നിർത്തണമെന്ന നിലപാടിലാണ് ഉള്ളത്. ഇന്ത്യാ സഖ്യത്തിലെ മറ്റ് പല പാർട്ടികൾക്കും ഇതേ നിലപാടാണ് ഇപ്പോഴുള്ളത്. ഇതൊരു മൂന്നാം ചേരി ആയി രൂപപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. അതാണ് രാഹുൽ ഗാന്ധിയുടെ അടക്കം ഉറക്കം കെടുത്തുന്നത്.
നിലവിൽ ഇടതുപക്ഷത്തിൻ്റെ കയ്യിലായ ‘ജന്തർ മന്തർ 2.0’ പ്രക്ഷോഭം, തങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ കോൺഗ്രസ്സ് ശ്രമിക്കുന്നത് , പ്രധാന പ്രതിപക്ഷ പാർട്ടിയുടെ റോൾ ഇടതുപക്ഷം റാഞ്ചിയത് കൊണ്ടു കൂടിയാണ്. ഇന്ത്യാ സഖ്യത്തിലും ഇടതുപക്ഷം ഉള്ളതിനാൽ, ഒറ്റയ്ക്ക് ഒരു പ്രതിഷേധം നടത്താൻ, കോൺഗ്രസ്സിന് മുന്നിലും പരിമിതികൾ ഏറെയാണ്. ഇന്ത്യാ സഖ്യമെന്ന നിലയിൽ പ്രക്ഷോഭം നടത്താൻ കോൺഗ്രസ്സിന് കഴിഞ്ഞില്ലെങ്കിൽ അവരുടെ ഒപ്പമുളളവർ പോലും ഇടതുപക്ഷത്തെ പോലെ പാറ്റകൾക്കൊപ്പം പ്രക്ഷോഭ രംഗത്തിറങ്ങാനാണ് സാധ്യത.
അതേസമയം, ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ വിവിധയിടങ്ങളിൽ നടക്കുന്ന പ്രതിഷേധം, കഴിഞ്ഞ രണ്ട് ദിവസവും ഇടതുപാർട്ടികളുടെയും ഇടത് സംഘടനകളുടെയും നേതൃത്വത്തിലാണ് നടന്നിരിക്കുന്നത്. പൊലീസിൻ്റെയും കേന്ദ്ര സേനയുടെയും പ്രതിരോധം തകർക്കാനും പലയിടത്തും അവർക്ക് സാധിച്ചിട്ടുണ്ട്.
കൊണാട്ട് പ്ലേസിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയത്. ഇതിനിടെ പ്രദേശത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരേയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ഇവരെ ബസ്സിൽ കയറ്റി കൊണ്ടുപോവുകയും , പ്രതിഷേധം ശക്തമായപ്പോൾ വിട്ടയക്കുകയുമാണ് ഉണ്ടായത്. ഈ മേഖലയിൽ, സിജെപി, എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് ശക്തമായി പ്രതിഷേധിച്ചിരുന്നത്. എസ്എഫ്ഐ ഡിവൈഎഫ്ഐ ദേശീയ നേതാക്കൾക്കും ക്രൂരമായി മർദ്ദനമേൽക്കുകയുണ്ടായി. റോഡിലിട്ടാണ് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റിനെ മർദ്ദിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയൻ്റ് സെക്രട്ടറിക്ക് മർദ്ദനമേറ്റത് ബസിൽ വച്ചാണ്. ജോൺ ബ്രിട്ടാസ് എംപിയെ ബസിൽ കയറ്റി പിന്നീട് ഇറക്കി വിടുകയാണ് ഉണ്ടായത്. ഇദ്ദേഹത്തിനും മർദ്ദനമേറ്റതായി ആരോപണമുണ്ട്. ഇതിനു പുറമെ, അനവധി ഇടതുപക്ഷ വിദ്യാർത്ഥി-യുവജന നേതാക്കൾക്കാണ് ഇതിനകം തന്നെ മർദ്ദനമേറ്റിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യവും ഇതുവരെ കോൺഗ്രസ്സിലേയോ, അവരുടെ പോഷക സംഘടനയിലയോ നേതാക്കൾക്ക് നേരിടേണ്ടി വന്നിട്ടില്ല. ഇത് ഇപ്പോൾ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിലും മാധ്യമങ്ങളിലും ചർച്ചാ വിഷയവുമാണ്.
പ്രധാന പ്രതിപക്ഷ പാർട്ടി തന്നെയാണോ കോൺഗ്രസ്സ് ? എന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തിങ്കളാഴ്ച്ച മുതൽ മുതൽ വീണ്ടും ശക്തമാക്കാൻ കോൺഗ്രസ്സ് ഇടപെടൽ നടത്തുന്നത്. ഇന്ത്യാ സഖ്യത്തിൻ്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തി നിവേദനം നൽകാനാണ് ആദ്യ തീരുമാനം. പ്രതിഷേധത്തിൽ മേൽക്കോയ്മ നിലനിർത്താൻ ഇടതുപക്ഷവും പിടിച്ച് നിൽക്കാൻ കോൺഗ്രസ്സും ശ്രമിക്കുന്ന കാഴ്ചക്ക് കൂടി വരും ദിവസങ്ങൾ സാക്ഷ്യം വഹിക്കും. ഇതിനിടെ , ഇനി മുതൽ ഒരേസമയം, പാറ്റകൾക്കൊപ്പവും ഇന്ത്യ സഖ്യത്തിനൊപ്പവും പ്രതിഷേധ നിരയിലുണ്ടാകുമെന്നാണ് , സിപിഎം നേതൃത്വം അറിയിച്ചിരിക്കുന്നത്.
EXPRESS VIEW
വീഡിയോ കാണാം….






