സി.എ.എ നടപ്പാക്കിയത് തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്നോ ? അവസാന ലാപ്പിൽ ബി.ജെ.പി നേരിടുന്നത് ‘അഗ്നിപരീക്ഷണം’

സി.എ.എ നടപ്പാക്കിയത് തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്നോ ? അവസാന ലാപ്പിൽ ബി.ജെ.പി നേരിടുന്നത് ‘അഗ്നിപരീക്ഷണം’

കേന്ദ്രത്തില്‍ മൂന്നാം ഊഴം അനായാസം ഉറപ്പിച്ച ബി.ജെ.പിയുടെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ പിടിച്ചു നില്‍ക്കാന്‍ ഒടുവില്‍ അവസാനത്തെ ആയുധവും ഇപ്പോള്‍ ബി.ജെ.പി പ്രയോഗിച്ചിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കുന്നതിനിടെ തന്നെ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കിയത് ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു കൊണ്ട് 14 പേരുടെ പൗരത്വ സര്‍ട്ടിഫിക്കറ്റാണ് മെയ് 15ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് കൈമാറിയിരിക്കുന്നത്. അവസാന ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന യുപി, ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ സിഎഎ വിഷയവും ഉയര്‍ത്തി നേട്ടം കൊയ്യാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും പ്രസ്താവനകിലൂടെ ലക്ഷ്യമിട്ട ധ്രുവീകരണം ശക്തമാക്കാനാണ് തിടുക്കത്തില്‍ മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് മാത്രം കേന്ദ്ര സര്‍ക്കാര്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരിക്കുന്നത്.സിഎഎക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ നടത്തിയ ഈ നീക്കം നിയമ കേന്ദ്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. കേരള സര്‍ക്കാറിനു പുറമെ സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ് തുടങ്ങി നിരവധി പാര്‍ട്ടികളും സംഘടനകളും നല്‍കിയ 237 ഹര്‍ജികളാണ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. അതു കൊണ്ടു തന്നെ സി.എ.എ നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തുറന്നടിച്ചിരിക്കുന്നത്. 2019ല്‍ കൊണ്ടു വന്ന പൗരത്വ നിയമഭേദഗതി നിയമം രാജ്യത്ത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയിരുന്നത്. കേരള നിയമസഭ ഈ നിയമത്തിനെതിരെ പ്രമേയവും പാസാക്കിയിരുന്നു. പിന്നീട് ബംഗാള്‍ സര്‍ക്കാറും സമാന രൂപത്തില്‍ പ്രമേയം പാസാക്കുന്ന സാഹചര്യമുണ്ടായിരുന്നു. സി.എ.എ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയാലും തങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കില്ലന്ന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറും പശ്ചിയ ബംഗാളിലെ മമത സര്‍ക്കാറും പരസ്യമായാണ് പ്രഖ്യാപിച്ചിരുന്നത്. സി.എ.എയ്ക്ക് എതിരെ കേരളത്തില്‍ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ശ്യംഘലയില്‍ 80 ലക്ഷത്തോളം പേരാണ് അണിനിരന്നിരുന്നത്. സി.എ.എയ്ക്ക് എതിരെ രാജ്യത്ത് ഏറ്റവും അധികം ജനങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭവും ഇതു തന്നെ ആയിരുന്നു. ഡല്‍ഹി,മഹാരാഷ്ട്ര, കേരളം, പശ്ചിമ ബംഗാള്‍, കര്‍ണ്ണാടക, ബീഹാര്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും വലിയ രൂപത്തിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നത്. മിക്കയിടത്തും പൊലീസ് ലാത്തിചാര്‍ജ്ജും സംഘര്‍ഷങ്ങളും പതിവായിരുന്നു.

ഡല്‍ഹി ജെ.എന്‍.യു വില്‍ വിദ്യാര്‍ത്ഥികളും പരിവാറുകാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍പേഴ്‌സണായിരുന്ന ഐഷി ഘോഷിനും ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ നിരവധി തവണയാണ് ഡല്‍ഹി, യു.പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നത്. തുടര്‍ന്ന് സി.എ.എ നടപ്പാക്കുന്നതില്‍ നിന്നും പിന്നോട്ടു പോയ കേന്ദ്ര സര്‍ക്കാര്‍, ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാണ് വിഷയം വീണ്ടും സജീവമാക്കി നിര്‍ത്തിയിരുന്നത്. സി.എ.എ ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ നടപ്പാക്കും എന്ന് നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അവസാന ലാപ്പില്‍ എത്തിയതോടെ ആ അജണ്ടയും ഇപ്പോള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഇപ്പോള്‍ തന്നെ സി.ഐ.എ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

കെജ്രിവാള്‍ പുറത്തു വന്ന് ബി.ജെ.പിക്കും മോദിക്കും എതിരെ നടത്തിയ കടന്നാക്രമണങ്ങളും പ്രതിപക്ഷം രൂപികരിച്ച ഇന്ത്യാ സഖ്യം ഒത്തൊരുമിച്ച് മുന്നോട്ടു പോകുന്നതുമാണ് ബി.ജെ.പിയുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചിരിക്കുന്നത്. വോട്ടിങ് ശതമാനം കുറഞ്ഞ് വരിക കൂടി ചെയ്തതോടെയാണ് ഒരു തരംഗവും ബി.ജെ.പിക്ക് അനുകൂലമായി ഇല്ലന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നത്.

യു.പി,പശ്ചിമ ബംഗാള്‍,ബീഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 210 സീറ്റുകളാണ് രാജ്യം ആരാണ് ഭരിക്കുക എന്ന് തീരുമാനിക്കാന്‍ പോകുന്നത്. ഇതില്‍ പശ്ചിമ ബംഗാള്‍ ഒഴികെ ബാക്കി മൂന്ന് സംസ്ഥാനങ്ങളിലും തൂത്തുവാരുന്ന റിസള്‍ട്ടാണ് 2019-ല്‍ ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. കാവി രാഷ്ട്രീയത്തിന് വളക്കൂറില്ലാതിരുന്ന പശ്ചിമ ബംഗാളില്‍ പോലും 42 -ല്‍ 18 സീറ്റുകള്‍ നേടാന്‍ അന്ന് അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. നാലിടത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ വെല്ലുവിളിയാണ് ബി.ജെ.പിക്ക് ഉയര്‍ത്തുന്നത്. 40 സീറ്റുകള്‍ ഉള്ള ബീഹാറില്‍ ഇത്തവണ ആര്‍.ജെ.ഡി – കോണ്‍ഗ്രസ്സ് – ഇടതു സഖ്യം തൂത്തു വാരാനുള്ള എല്ലാ സാധ്യതയും ഉണ്ട്. മഹാരാഷ്ട്രയിലും പ്രതിപക്ഷ സഖ്യം വന്‍ മുന്നേറ്റമാണ് പ്രചരണ രംഗത്ത് നടത്തിയിരിക്കുന്നത്. യു.പിയിലും ആര്‍.ജെ.ഡി – കോണ്‍ഗ്രസ്സ് സഖ്യം മികച്ച നിലയിലാണ് ഉള്ളത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും നഷ്ടപ്പെടാന്‍ ബി.ജെ.പിക്ക് മാത്രമാണ് ഉള്ളത്. പശ്ചിമ ബംഗാളിലാകട്ടെ ഇത്തവണ ഇടതുപക്ഷം കൂടുതല്‍ കരുത്താര്‍ജിച്ചതിനാല്‍ ഒരിടവേളയ്ക്കു ശേഷം തൃണമൂല്‍ കോണ്‍ഗ്രസ്സും – ഇടതുപക്ഷ സഖ്യവും തമ്മിലുള്ള മത്സരമായി ബംഗാള്‍ തിരഞ്ഞെടുപ്പ് മാറിയിട്ടുണ്ട്. ഇവിടെ കഴിഞ്ഞ തവണ ലഭിച്ച 18 സീറ്റുകളില്‍ പകുതി ബി.ജെ.പിക്ക് നഷ്ടമായാലും അത്ഭുതപ്പെടേണ്ടതില്ല എന്നതാണ് അവസ്ഥ. ഇതോടു കൂടിയാണ് പൗരത്വ നിയമ ഭേദഗതി ചര്‍ച്ചയാക്കി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ബി.ജെ.പി നിര്‍ബന്ധിതമായിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പാക്കാതെ മാറ്റി വച്ച നിയമത്തിന്റെ ചട്ടങ്ങള്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നത്. ഇതിനു പിന്നാലെയും വലിയ പ്രതിഷേധങ്ങളാണ് പല കോണുകളില്‍ നിന്നായി ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് അപേക്ഷള്‍ പരിഗണിക്കാന്‍ ജില്ലാതല സമിതിയും ഇത് പരിശോധിക്കാന്‍ സംസ്ഥാനതല സമിതിയും രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്തത്. പൗരത്വം നല്‍കുന്നത് സെന്‍സസ് ഡയറ്കര്‍ ജനറല്‍ അദ്ധ്യക്ഷനായ കേന്ദ്ര സമിതിയാണെങ്കിലും കേരളവും ബംഗാളും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മുഖം തിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

അതേസമയം ഇപ്പോള്‍ പൗരത്വം ലഭിച്ചവരില്‍ ഏറെയും രാജസ്ഥാന്‍, യുപി, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ്. പാകിസ്ഥാനില്‍ നിന്ന് വന്ന അഭയാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വം കിട്ടിയിരിക്കുന്നത്. കൂടുതല്‍ അപേക്ഷകര്‍ക്ക് ഉടന്‍ തന്നെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചു കൊടുക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ രാഷ്ട്രീയം വീണ്ടും കലങ്ങി മറിഞ്ഞിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ മിന്നല്‍ നീക്കം ഏത് രൂപത്തിലുള്ള ധ്രുവീകരണത്തിലാണ് കലാശിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും രാജ്യം ആരാണ് ഭരിക്കുക എന്നത് തീരുമാനിക്കപ്പെടുക.

EXPRESS KERALA VIEW

Top