ഒരു യുദ്ധത്തിന്റെ യഥാർത്ഥ വില കണക്കാക്കുന്നത് തകർന്ന കെട്ടിടങ്ങളുടെയും നഷ്ടപ്പെട്ട സൈനികരുടെയും എണ്ണത്തിൽ മാത്രം അല്ല. ആയുധശേഖരത്തിലെ കുറവ്, വീണ്ടും ആയുധങ്ങൾ നിർമ്മിക്കാൻ വേണ്ടിവരുന്ന വർഷങ്ങൾ, സൈനിക താവളങ്ങളുടെ പുനർനിർമാണ ചെലവ്, നയതന്ത്ര സംവിധാനങ്ങൾക്കുണ്ടാകുന്ന നഷ്ടം, സഖ്യരാജ്യങ്ങൾക്ക് ആയുധങ്ങൾ നൽകുന്നതിനിടയിൽ സ്വന്തം സൈനിക തയ്യാറെടുപ്പ് നിലനിർത്താനുള്ള ബുദ്ധിമുട്ട്, ഇവയെല്ലാം ചേർന്നാണ് ഒരു യുദ്ധത്തിന്റെ യഥാർത്ഥ സാമ്പത്തികവും സൈനികവുമായ വില വ്യക്തമാകുന്നത്. ഇറാനെതിരായ യുദ്ധം അവസാനിച്ചുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും, അതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ മറ്റൊരു മേഖലയിലാണ് കൂടുതൽ വ്യക്തമായി പ്രത്യക്ഷപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തികളിലൊന്നായ അമേരിക്കയ്ക്കുപോലും അത്യാധുനിക ആയുധങ്ങളുടെ ശേഖരം വേഗത്തിൽ പുനഃസ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണോ ഈ യുദ്ധം തുറന്നുകാട്ടിയത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
അമേരിക്കൻ പ്രതിരോധ സംവിധാനത്തിനുള്ളിലെ ഈ സമ്മർദ്ദത്തിന്റെ ഏറ്റവും വ്യക്തമായ ഔദ്യോഗിക ചിത്രങ്ങളിലൊന്നാണ് പെന്റഗൺ ഇൻസ്പെക്ടർ ജനറൽ പുറത്തുവിട്ട റിപ്പോർട്ട് നൽകുന്നത്. ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ മിഡിൽ ഈസ്റ്റിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്കും വിമാനങ്ങൾക്കും ഡ്രോണുകൾക്കും നയതന്ത്ര സൗകര്യങ്ങൾക്കും നേരിട്ട നാശനഷ്ടങ്ങൾ റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നു. പ്രതിരോധ വകുപ്പിനെയും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെയും അമേരിക്കൻ ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിനെയും മേൽനോട്ടം വഹിക്കുന്ന വിവിധ സർക്കാർ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങളും കണ്ടെത്തലുകളും റിപ്പോർട്ട് ഏകോപിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യുദ്ധത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള ഇതുവരെയുള്ള ഏറ്റവും സമഗ്രമായ ഔദ്യോഗിക വിലയിരുത്തലുകളിൽ ഒന്നായാണ് ഇതിനെ കാണുന്നത്.
ഇറാന്റെ ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന്റെ വ്യാപ്തി മാത്രമല്ല, അതിന്റെ ദുർബലമായ വശങ്ങളും പുറത്തുകൊണ്ടുവന്നു. കുവൈത്ത് , ബഹ്റൈൻ, ഖത്തർ, യുഎഇ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക സൗകര്യങ്ങൾക്ക് ആക്രമണങ്ങളുടെ ആഘാതമുണ്ടായതായി റിപ്പോർട്ട് പറയുന്നു. നൂറുകണക്കിന് കെട്ടിടങ്ങൾക്കും മറ്റ് അടിസ്ഥാനസൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് വിലയിരുത്തൽ. നിരവധി അമേരിക്കൻ വിമാനങ്ങളും ഡ്രോണുകളും കേടുപാടുകൾ സംഭവിക്കുകയോ നശിക്കുകയോ ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റിൽ അമേരിക്ക വർഷങ്ങളായി നിർമ്മിച്ച സൈനിക അടിസ്ഥാനസൗകര്യ ശൃംഖല എത്രത്തോളം വലിയ ആക്രമണ ഭീഷണിക്കു വിധേയമാണെന്ന് ഇതിലൂടെ വ്യക്തമാണ്.
എന്നാൽ കെട്ടിടങ്ങളുടെയും വിമാനങ്ങളുടെയും നാശത്തേക്കാൾ വലിയ ആശങ്ക അമേരിക്കൻ സൈനിക ആസൂത്രകരെ അലട്ടുന്നത് മറ്റൊന്നാണ് അത്യാധുനിക ആയുധങ്ങളുടെ ലഭ്യത. യുദ്ധം അമേരിക്കയുടെ തന്ത്രപ്രധാനമായ ആയുധശേഖരങ്ങളിൽ സമ്മർദ്ദം സൃഷ്ടിച്ചതായും പ്രധാന യുദ്ധോപകരണങ്ങൾ വീണ്ടും നിറയ്ക്കുന്നതിൽ അമേരിക്കൻ പ്രതിരോധ വ്യവസായത്തിന്റെ പരിമിതികൾ വെളിപ്പെട്ടതായും ഇൻസ്പെക്ടർ ജനറലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഒരു ദീർഘകാല യുദ്ധത്തിൽ അമേരിക്കയുടെ പ്രധാന വെല്ലുവിളി ശത്രുവിനെ നേരിടാനുള്ള സൈനിക ശേഷി മാത്രമല്ല, ഉപയോഗിച്ചുപോയ ആയുധങ്ങൾ മതിയായ വേഗത്തിൽ പുനർനിർമ്മിക്കാനുള്ള കഴിവുകൂടിയാണെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
അതേസമയം, യുദ്ധം അമേരിക്കയുടെ സൈനിക ചെലവുകൾ വർധിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും മിഡിൽ ഈസ്റ്റിലേക്കുള്ള ആയുധവിൽപ്പനയിൽ വലിയ ഇടിവുണ്ടായില്ല. റിപ്പോർട്ട് ഉൾപ്പെടുത്തിയ കാലയളവിൽ അടിയന്തരവും സാധാരണവുമായ സൈനിക വിൽപ്പനകളിലൂടെ 44 ബില്യൺ ഡോളറിലധികം ഇടപാടുകൾ നടന്നതായി കണക്കാക്കുന്നു. ഇതോടെ യുദ്ധത്തിന്റെ മറ്റൊരു വിരോധാഭാസവും പുറത്തുവരുന്നു. ഒരു വശത്ത് അമേരിക്കയുടെ സ്വന്തം ആയുധശേഖരത്തിൽ കുറവ് അനുഭവപ്പെടുമ്പോൾ, മറുവശത്ത് സഖ്യരാജ്യങ്ങൾക്കും പങ്കാളികൾക്കും ആയുധങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യേണ്ടിവരുന്നു.
ഈ വിൽപ്പനയിൽ സൗദി അറേബ്യ വലിയ പങ്കുവഹിച്ചു. ഹെലികോപ്റ്ററുകൾ, യുദ്ധോപകരണങ്ങൾ, സൈനിക പിന്തുണാ സംവിധാനങ്ങൾ, അത്യാധുനിക കൃത്യതയുള്ള ആയുധങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ സൈനിക ഉപകരണങ്ങളാണ് മേഖലയിലെ രാജ്യങ്ങൾക്കായി അമേരിക്ക നൽകിയത്. ഖത്തർ, കുവൈറ്റ്, യുഎഇ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളും അമേരിക്കൻ സൈനിക ഉപകരണങ്ങളുടെ പ്രധാന ഉപഭോക്താക്കളായി തുടരുന്നു. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ അനിശ്ചിതത്വത്തിലാകുമ്പോൾ അമേരിക്കൻ ആയുധങ്ങൾക്ക് ഈ രാജ്യങ്ങളിൽ നിന്നുള്ള ആവശ്യം വർധിക്കാനുള്ള സാധ്യതയും ഇതോടെ ശക്തമാകുന്നു.
എന്നാൽ ഇവിടെ ഉയരുന്ന പ്രധാന ചോദ്യം അമേരിക്കയ്ക്ക് എത്ര ആയുധങ്ങൾ വിൽക്കാൻ കഴിയും എന്നതല്ല, ഒരേസമയം എത്ര ആയുധങ്ങൾ നിർമ്മിച്ച് സ്വന്തം സൈന്യത്തിനും സഖ്യരാജ്യങ്ങൾക്കും നൽകാൻ കഴിയും എന്നതാണ്. യുദ്ധത്തിൽ ഉപയോഗിക്കുന്ന ഓരോ ഇന്റർസെപ്റ്ററും മിസൈലും ഡ്രോണും വീണ്ടും നിർമ്മിക്കേണ്ടതുണ്ട്. അതിനായി അസംസ്കൃത വസ്തുക്കൾ, ഇലക്ട്രോണിക് ഘടകങ്ങൾ, എഞ്ചിനുകൾ, സെൻസറുകൾ, സങ്കീർണമായ നിർമ്മാണ സംവിധാനങ്ങൾ, വിദഗ്ധ തൊഴിലാളികൾ എന്നിവ ആവശ്യമാണ്. ഒരു ആയുധത്തിന്റെ ഉൽപ്പാദനശേഷി വർധിപ്പിക്കുന്നത് ഒരു ഫാക്ടറിയിൽ ഒരു അധിക ഷിഫ്റ്റ് ആരംഭിക്കുന്നതുപോലെ ലളിതമല്ല. വർഷങ്ങളായി നിലനിൽക്കുന്ന വിതരണശൃംഖലയും വ്യവസായശേഷിയും പുനർനിർമിക്കേണ്ടിവരും.
ഇറാൻ യുദ്ധം അതുകൊണ്ടുതന്നെ അമേരിക്കൻ സൈനിക ശക്തിയുടെ മറ്റൊരു യാഥാർഥ്യം തുറന്നുകാട്ടുന്നു. അമേരിക്കയ്ക്ക് അത്യാധുനിക ആയുധങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈനിക ശക്തി വിന്യസിക്കാനുള്ള കഴിവ് ഉണ്ടെങ്കിലും , ഒരു വലിയ തോതിലുള്ള ദീർഘകാല സംഘർഷത്തിൽ ആ ശേഷി എത്രകാലം നിലനിർത്താനാകും എന്നത് വേറൊരു ചോദ്യമാണ്. വേഗത്തിൽ ഉപയോഗിക്കപ്പെടുന്ന വിലയേറിയ മിസൈലുകൾക്കും ഇന്റർസെപ്റ്ററുകൾക്കും പകരം വയ്ക്കാൻ വർഷങ്ങൾ വേണ്ടിവരുന്നുവെങ്കിൽ, യുദ്ധത്തിന്റെ ദൈർഘ്യം സൈനിക വിജയത്തേക്കാൾ കൂടുതൽ നിർണായകമാകാം.
ഇതിന്റെ പ്രത്യാഘാതം അമേരിക്കൻ പ്രതിരോധ ബജറ്റിലും പ്രതിഫലിക്കാനിടയുണ്ട്. കൂടുതൽ ആയുധങ്ങൾ നിർമ്മിക്കാനും നിലവിലെ ആയുധശേഖരങ്ങൾ പുനഃസ്ഥാപിക്കാനും പുതിയ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനും അമേരിക്കയ്ക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. അതേസമയം, മറ്റ് രാജ്യങ്ങളുമായുള്ള സൈനിക സഹകരണവും ആയുധവിൽപ്പനയും തുടരേണ്ടതുണ്ട്. ഇതിനർത്ഥം ഭാവിയിലെ അമേരിക്കൻ പ്രതിരോധ നയത്തിൽ ‘എത്ര ശക്തമായ ആയുധങ്ങളുണ്ട്’ എന്നതിനു പുറമെ ‘എത്ര വേഗത്തിൽ അവ വീണ്ടും നിർമ്മിക്കാനാകും’ എന്ന ചോദ്യത്തിനും വലിയ പ്രാധാന്യം ലഭിക്കുമെന്നാണ്.
അതിനാൽ ഈ യുദ്ധത്തിന്റെ കണക്കുകൾ വെറും കഴിഞ്ഞുപോയ ചെലവുകളുടെ കണക്കെടുപ്പായി കാണാനാകില്ല. അടുത്ത യുദ്ധത്തിനായി അമേരിക്ക എത്രത്തോളം തയ്യാറാണ് എന്നതിന്റെ ഒരു സൂചന കൂടിയാണിത്. ആയുധശേഖരം പഴയ നിലയിലേക്ക് തിരിച്ചെത്തിക്കാൻ വർഷങ്ങൾ വേണ്ടിവരുന്നുവെങ്കിൽ, അതിനിടയിൽ മറ്റൊരു വലിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ എന്ത് സംഭവിക്കും എന്നതാണ് അമേരിക്ക ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ തന്ത്രപ്രധാനമായ ചോദ്യം. ഇറാനെതിരായ യുദ്ധം അവസാനിച്ചിരിക്കാം പക്ഷേ അതിന്റെ യഥാർത്ഥ ബിൽ അമേരിക്കയ്ക്ക് ഇനിയും അടച്ചുതീർക്കാനുണ്ട്.






