രണ്‍വീര്‍ സിംഗ് നായകനായി, ആദിത്യ ധർ സംവിധാനം ചെയ്യുന്ന ‘ധുരന്ദർ’ എന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസിനെത്തും. ജിയോ സ്റ്റുഡിയോസ്, B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഒ.ടി.ടി. സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്ന ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ 34 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ, വയലൻസിന്റെ പേരില്‍ ചില കട്ടുകളും സെൻസറിംഗ് ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.
‘ധുരന്ദർ’ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് നേരത്തെ പുറത്തിറങ്ങി സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ശാശ്വത് സച്ച്ദേവും ചരൺജിത് അഹൂജയും ചേർന്നാണ്. ആധുനിക ഹിപ്-ഹോപ്പ്, പഞ്ചാബി സ്റ്റൈൽ, സിനിമാറ്റിക് ഗ്രിറ്റ് എന്നിവയുടെ മികച്ച സംയോജനമാണ് ഈ ട്രാക്ക്. ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, സുധീർ യദുവൻഷി, ശാശ്വത് സച്ച്ദേവ്, മുഹമ്മദ് സാദിഖ്, രഞ്ജിത് കൗർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വ്യാപ്തിയും ഊർജ്ജവും തീവ്രതയും പ്രതിഫലിപ്പിക്കുന്ന ഈ ഗാനം, ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, ബാബു സിംഗ് മാൻ എന്നിവർ ചേർന്നാണ് രചിച്ചത്. ഹനുമാൻകൈൻഡ് ആദ്യമായി ചെയ്യുന്ന ബോളിവുഡ് പ്രൊജക്റ്റ് കൂടിയാണിത്.
Also Read: എമ്പുരാനും ലോകയും! പൃഥ്വിരാജും ഡൊമിനിക് അരുണും ഐ.എം.ഡി.ബി.യുടെ ജനപ്രിയ സംവിധായകരുടെ പട്ടികയിൽ
‘ധുരന്ദർ’ ചിത്രത്തിലെ ‘നാ ദേ ദിൽ പർദേശി നു’ എന്ന ഗാനം ആഴത്തിലുള്ള വികാരങ്ങൾ വഹിക്കുന്ന ഒരു നാടോടി ക്ലാസിക്കാണ്. ഈ ഗാനം ചിത്രത്തിനായി പുനരവതരിപ്പിക്കാൻ സാധിച്ചത് ഒരു ബഹുമതിയും വലിയ ഉത്തരവാദിത്തവുമാണെന്ന് സംഗീത സംവിധായകൻ ശാശ്വത് സച്ച്ദേവ് അഭിപ്രായപ്പെട്ടു. സിനിമയുടെ ആത്മാവിന്റെ ഭാഗമായ ഈ ഗാനം തുടക്കം മുതൽ തന്നെ തിരക്കഥയിൽ ഉൾപ്പെടുത്തിയിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ, രൺവീർ സിംഗിന്റെ ജന്മദിനം പ്രമാണിച്ച് പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വലിയ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ കാണാത്ത രൂപത്തിൽ രൺവീറിനെ അവതരിപ്പിച്ച ‘ധുരന്ദർ’ ഫസ്റ്റ് ലുക്ക് വീഡിയോയിലെ വമ്പൻ ആക്ഷൻ രംഗങ്ങളും ആരാധകർക്കിടയിൽ തരംഗമായി മാറി.






