ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ എം.എസ്. ധോണിയെയും വിരാട് കോഹ്‌ലിയെയും ടെന്നീസ് താരങ്ങളോട് ഉപമിച്ച് മലയാളി താരം സഞ്ജു സാംസൺ. ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ്, ടെന്നീസ് ലോകത്തെ ഇതിഹാസങ്ങളായ റോജർ ഫെഡററോടും യുവതാരം കാർലോസ് അൽക്കരാസിനോടും സഞ്ജു ഇവരെ താരതമ്യം ചെയ്തത്. വിംബിൾഡൺ മത്സരങ്ങൾക്ക് മുന്നോടിയായാണ് സഞ്ജുവിന്റെ ഈ രസകരമായ പ്രതികരണം.
ക്രിക്കറ്റിലെ റോജർ ഫെഡറർ എം.എസ്. ധോണിയാണെന്ന് സഞ്ജു വ്യക്തമാക്കുന്നു. മൈതാനത്തെ അസാധാരണമായ ശാന്തതയും സമ്മർദ്ദഘട്ടങ്ങളിലും പതറാത്ത പ്രകടനവുമാണ് ധോണിയെ ഫെഡറർക്ക് തുല്യനാക്കുന്നത്. ഫെഡററെപ്പോലെ വളരെ അനായാസമായാണ് ധോണിയും കളിക്കുന്നത്, എന്നാൽ അതിൽ വല്ലാത്തൊരു കരുത്തും അടങ്ങിയിട്ടുണ്ടെന്നും സഞ്ജു ചൂണ്ടിക്കാട്ടി.
Also Read:പിന്നിൽ പോയ ശേഷം തിരിച്ചടിച്ചു; ജോർദാനെ തകർത്ത് അൾജീരിയ മുന്നോട്ട്
അതേസമയം, വിരാട് കോഹ്‌ലിയെ നിലവിലെ സൂപ്പർ താരം കാർലോസ് അൽക്കരാസിനോടാണ് സഞ്ജു ഉപമിച്ചത്. കോഹ്ലിയുടെ കളിയിലെ ആക്രമണോത്സുകതയും തളരാത്ത ഊർജ്ജവുമാണ് അൽക്കരാസുമായി സാമ്യമുള്ളത്. കരിയറിന്റെ തുടക്കത്തിൽ കോഹ്ലി പുറത്തെടുത്ത അതേ സ്ഫോടനാത്മകമായ ശൈലിയാണ് അൽക്കരാസിന്റെ പ്രകടനത്തിലും കാണാൻ കഴിയുന്നതെന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.






