ലോക പേഴ്സണൽ കമ്പ്യൂട്ടർ (പിസി) വിപണിയുടെ വലിയ പങ്ക് കൈയാളുന്നത് മൈക്രോസോഫ്റ്റാണ്. ദശലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും ഇന്ന് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് (OS) ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ മൈക്രോസോഫ്റ്റിന്റെ സ്വന്തം ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ തന്നെ കമ്പനിക്ക് തലവേദനയായി മാറിയിരിക്കുന്നു. പുതിയ വിൻഡോസ് 11 ഒഎസിൽ സുഖകരമായി പ്രവർത്തിക്കാൻ ശേഷിയുള്ള ഏകദേശം 50 കോടി പിസികൾ വിൻഡോസ് 10-ൽ തുടരുകയാണെന്നും അവർ അപ്‌ഗ്രേഡ് ചെയ്യാൻ മടിക്കുകയാണെന്നും കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായ ഡെൽ വെളിപ്പെടുത്തി.
ഇത്രയും വലിയ തോതിലുള്ള അപ്‌ഗ്രേഡിന്റെ അഭാവം മൊത്തത്തിലുള്ള പിസി വിപണിയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന സൂചനയാണെന്ന് ഡെല്ലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ്രി ക്ലാർക്ക് വ്യക്തമാക്കി. കൂടാതെ, നാല് വർഷത്തിലധികം പഴക്കമുള്ള ഏകദേശം 50 കോടി കമ്പ്യൂട്ടറുകൾ വിൻഡോസ് 11-ന് അനുയോജ്യമല്ലാത്തതിനാൽ അവയിൽ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊത്തത്തിൽ, ഏകദേശം ഒരു ബില്യൺ (100 കോടി) കമ്പ്യൂട്ടറുകളാണ് അപ്‌ഗ്രേഡുകളില്ലാതെ പ്രവർത്തിക്കുന്നത്. ഈ അവസ്ഥ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: ഗൂഗിൾ മാപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ഈ കാര്യം
പേഴ്സണൽ കമ്പ്യൂട്ടർ (പിസി) അപ്‌ഗ്രേഡുകൾ തീർപ്പാക്കാത്തതിൻ്റെ കണക്കുകൾ ഒരു കമ്പനി ഔദ്യോഗികമായി പുറത്തുവിടുന്നത് ഇതാദ്യമാണ്. ഏകദേശം 50 കോടി പിസികൾ അപ്‌ഗ്രേഡ് ചെയ്യാൻ സാധ്യതയുണ്ടെങ്കിലും അവയെ വിൻഡോസ് 11-ലേക്ക് കൊണ്ടുവരുന്നത് എളുപ്പമല്ലെന്ന് ഡെല്ലിൻ്റെ ജെഫ്രി ക്ലാർക്ക് വിശദീകരിച്ചു. ഇന്ന് എഐ കരുത്തുള്ള പിസികളുടെ വില ഗണ്യമായി വർധിച്ചു. കൂടാതെ, റാം, സ്റ്റോറേജ് എന്നിവയുടെ വിലവർധനവ് പുതിയ കമ്പ്യൂട്ടറുകൾ വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കി. ഇതിന്റെ ഫലമായി, ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ കമ്പ്യൂട്ടർ അപ്‌ഗ്രേഡുകൾ മാറ്റിവയ്ക്കുകയോ അല്ലെങ്കിൽ അനൗദ്യോഗിക അപ്‌ഡേറ്റുകളെ ആശ്രയിക്കുകയോ ചെയ്യുന്നു. സമാനമായ ഒരു പ്രശ്നം മുമ്പ് വിൻഡോസ് എക്‌സ്പി ഉപയോഗിച്ചിരുന്ന കാലത്തും കണ്ടിരുന്നതായി ജെഫ്രി ക്ലാർക്ക് കൂട്ടിച്ചേർത്തു.






