ഡല്‍ഹി ഹോട്ടലിലെ തീപിടിത്തം; മരണം 20 ആയി

അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേരും ശ്വാസംമുട്ടിയാണ് മരണപ്പെട്ടതെന്നും ഇരകളിൽ ഏറെയും വിദേശ വിനോദസഞ്ചാരികളാണെന്നുമാണ് പുറത്തുവരുന്ന വിവരം

ഡല്‍ഹി ഹോട്ടലിലെ തീപിടിത്തം; മരണം 20 ആയി
ഡല്‍ഹി ഹോട്ടലിലെ തീപിടിത്തം; മരണം 20 ആയി

സൗത്ത് ഡൽഹിയിലെ മാളവ്യനഗറിലുള്ള റെസ്റ്റോറന്റിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേരും ശ്വാസംമുട്ടിയാണ് മരണപ്പെട്ടതെന്നും ഇരകളിൽ ഏറെയും വിദേശ വിനോദസഞ്ചാരികളാണെന്നുമാണ് പുറത്തുവരുന്ന വിവരം. തീപിടിത്തം ഉണ്ടായയുടൻ രക്ഷപ്പെടാനായി രണ്ടുപേർ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയതായും റിപ്പോർട്ടുകളുണ്ട്. രാവിലെ 9.45-ഓടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് അതിവേഗം രക്ഷാപ്രവർത്തനം നടത്തി 37 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക സൂചനയുണ്ടായിരുന്നെങ്കിലും, സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.

വൻ സുരക്ഷാ വീഴ്ചകളും ചട്ടലംഘനങ്ങളുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബേസ്‌മെന്റ് ഉൾപ്പെടെ അഞ്ച് നിലകളിലായി 25 മുറികളുള്ള ഈ ഹോട്ടലിന് വെറും 6 മുറികൾ പ്രവർത്തിപ്പിക്കാനുള്ള അനുമതി മാത്രമാണുണ്ടായിരുന്നത്. ബേസ്‌മെന്റിൽ വരെ ചട്ടങ്ങൾ ലംഘിച്ച് ആളുകളെ താമസിപ്പിച്ചിരുന്നു. കെട്ടിടത്തിൽ ആവശ്യത്തിന് തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും, ഹോട്ടലിലേക്കുള്ള വഴി അതീവ ഇടുങ്ങിയതായതിനാൽ ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളി നേരിട്ടതായും ആക്ഷേപമുണ്ട്. അതേസമയം, ദുരന്തത്തിൽപ്പെട്ടവർക്ക് ഡൽഹി സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായമായി നൽകും.

Share Email
Top