23- ഇനം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും നിരോധിച്ച ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

23- ഇനം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും നിരോധിച്ച ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

ഡല്‍ഹി: പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ തുടങ്ങി 23- ഇനം നായകളുടെ ഇറക്കുമതിയും, വില്‍പ്പനയും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. വിശദമായ കൂടിയാലോചനകള്‍ നടത്തത്തെയാണ് കേന്ദ്രം നിരോധന ഉത്തരവ് പുറപ്പടിവിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെടല്‍. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര ഉത്തരവ് റദ്ദാക്കിയത്.

നിരോധന ഉത്തരവ് വ്യക്തത ഇല്ലാത്തതാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. പിറ്റ്ബുള്‍ ടെറിയര്‍, മാസ്ടിഫ് തുടങ്ങിയ ഇനം നായകളെ നിരോധിക്കുന്നു എന്നാണ് ഉത്തരവില്‍ ഉള്ളത്. എന്നാല്‍ ഈ വിഭാഗത്തില്‍ പെട്ട എല്ലാ നായകളും അക്രമകാരികളല്ല എന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്രം നിരോധന ഉത്തരവ് ഇറക്കിയത് എന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.പിറ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക്കന്‍ സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോസ്ബോല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോണ്‍ജാക്ക്, സാര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ , മാസ്ടിഫ്, റോട്ട്വീലര്‍, ടെറിയര്‍, റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍ കോര്‍സോ എന്നിവയും ബാന്‍ഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും വിലക്കിയവയില്‍ ഉള്‍പ്പട്ടിരുന്നു.

അപകടകാരികളായ നായകളെ നിരോധിക്കണം എന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നിരോധന ഉത്തരവ് പുറത്തിറക്കിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചന നടന്നില്ല എന്നാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്.എല്ലാ നായ ഉടമകളുടെയും അഭിപ്രായം ആരായാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ഔദ്യോഗിക വെബ് സൈറ്റിലൂടെയും, മാധ്യമങ്ങളിലൂടെയും പൊതുജനങ്ങളുടെ അഭിപ്രായം സര്‍ക്കാരിന് തേടാമായിരുന്നു. ഇത് ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്. നടപടി ക്രമങ്ങള്‍ പാലിച്ച് കേന്ദ്രത്തിന് പുതിയ നിരോധന ഉത്തരവ് പുറത്തിറക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര ഉത്തരവ് നേരത്തെ കര്‍ണാടക ഹൈക്കോടതിയും റദ്ദാക്കിയിരുന്നു.

Top