മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി

മാസപ്പടി കേസ്; സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി

തിരുവനന്തപുരം: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്‌ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്ന സിഎംആര്‍എല്‍ കമ്പനിയുടെ ഹര്‍ജിയില്‍ കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സിഎംആര്‍എല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കമ്പനികാര്യ മന്ത്രാലയത്തിന് പുറമെ എസ്എഫ്‌ഐഒയ്ക്കും ആദായ നികുതി വകുപ്പിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സിഎംആര്‍എല്ലിന്റെ ഹര്‍ജി അടുത്ത മാസം ഏഴിന് വീണ്ടും പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് നവീന്‍ ചൗള അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്നും സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ കൈമാറിയിട്ടുണ്ടെങ്കില്‍ അത് ഉപയോഗിക്കാന്‍ അനുവദിക്കരുത്. കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ അന്വേഷണവും (എസ്എഫ്‌ഐഒ) ഇ ഡി അന്വേഷണവും റദ്ദാക്കി കോടതി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top