ഡൽഹി: സഭാകക്ഷിയുടെ ഭൂരിപക്ഷാഭിപ്രായത്തേക്കാൾ രാഷ്ട്രീയപ്പാർട്ടിയുടെ തീരുമാനത്തിനാണ് നിലവിലെ നിയമപ്രകാരം മുൻഗണനയെന്ന് സുപ്രീം കോടതി. സഭാകക്ഷിയുടെ മേൽ രാഷ്ട്രീയപ്പാർട്ടിക്ക് പൂർണ്ണ നിയന്ത്രണമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. രാഷ്ട്രീയപ്പാർട്ടികളുടെ അനുമതിയില്ലാതെ എം.പിമാരോ എം.എൽ.എമാരോ മാത്രം കൂറുമാറി മറ്റ് പാർട്ടികളിൽ ലയിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഈ നിരീക്ഷണത്തിന് വലിയ പ്രധാന്യമുണ്ട്.
ശിവസേനയിലെ തർക്കവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. ഏക്‌നാഥ് ഷിൻഡെയ്ക്കൊപ്പം നിലയുറപ്പിച്ച എം.എൽ.എമാരെ അയോഗ്യരാക്കാത്ത മഹാരാഷ്ട്ര സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് ഉദ്ധവ് താക്കറെ വിഭാഗം നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഇതിനൊപ്പം ഏക്‌നാഥ് ഷിൻഡെ വിഭാഗത്തെ ശിവസേനയുടെ ഔദ്യോഗിക പക്ഷമായി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.
Also Read:രാജ്യത്ത് മഴക്കെടുതി രൂക്ഷം; അസമിൽ മരണം 96 ആയി, ഒഡീഷയിൽ പ്രളയഭീതി
ഈ വിഷയത്തിൽ സുഭാഷ് ദേശായി കേസിലെ വിധിയാണ് മാനദണ്ഡമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശിവസേനയിലെ പിളർപ്പിനു ശേഷം സഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെട്ട മഹാരാഷ്ട്ര ഗവർണറുടെ നടപടി തെറ്റാണെന്ന് സുഭാഷ് ദേശായി കേസിൽ ഭരണഘടനാ ബെഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ, വിശ്വാസവോട്ടിന് തൊട്ടുമുമ്പ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനാൽ അദ്ദേഹത്തെ വീണ്ടും ആ സ്ഥാനത്തേക്ക് തിരികെ നിയമിക്കാൻ സാധിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.





