ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ നിലവിലെ പ്രകടനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മുൻ നായകൻ അജിങ്ക്യ രഹാനെ രംഗത്ത്. സ്വന്തം മണ്ണിൽ പോലും ടെസ്റ്റ് മത്സരങ്ങളിൽ ടീം പരാജയപ്പെടുന്നത് ഏറെ വേദനയോടെയാണ് നോക്കിനിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരം, ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത്.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ വിരാട് കോഹ്‌ലി, രോഹിത് ശർമ, ആർ അശ്വിൻ തുടങ്ങിയ കരുത്തരായ സീനിയർ താരങ്ങൾ ടീമിൽ നിന്ന് പടിയിറങ്ങിയത് വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് രഹാനെ ചൂണ്ടിക്കാണിച്ചു. നിലവിലെ ടെസ്റ്റ് ടീമിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. ഒരു മികച്ച ടെസ്റ്റ് ടീമിൽ കുറഞ്ഞത് ഏഴോ എട്ടോ സീനിയർ കളിക്കാരും രണ്ടോ മൂന്നോ യുവതാരങ്ങളും ഉണ്ടാകണമെന്നാണ് രീതി. എന്നാൽ ഇപ്പോൾ ടീമിലുള്ള രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, കെ.എൽ. രാഹുൽ എന്നിവർക്ക് മാത്രമാണ് അമ്പതിൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങളുടെ പരിചയസമ്പത്തുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ ആവശ്യമായ ആത്മവിശ്വാസവും വ്യക്തമായ ലക്ഷ്യബോധവും ഇന്നത്തെ ടീമുകളിൽ കാണാനാകുന്നില്ലെന്നും രഹാനെ കൂട്ടിച്ചേർത്തു. അതേസമയം, 2027 ജൂൺ ഒൻപതിന് ഓവലിലാണ് അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്.






