ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് 3-2 എന്ന സ്‌കോറിന് നാടകീയമായി പരാജയപ്പെട്ടതിന് പിന്നാലെ, റഫറിക്കെതിരെ ഔദ്യോഗിക പരാതിയുമായി ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ. മത്സരം നിയന്ത്രിച്ച റഫറി ഫ്രാൻസ്വ ലെറ്റെക്സിയർ അർജന്റീനയ്ക്ക് അനുകൂലമായി ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തുവെന്നാണ് ഫിഫയ്ക്ക് നൽകിയ പരാതിയിലെ പ്രധാന ആരോപണം.
അട്ടിമറിയുടെ വക്കിൽ നിന്ന് തിരിച്ചടി
അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ ഈജിപ്ത് ചരിത്രപരമായ ഒരു അട്ടിമറി വിജയത്തിന്റെ തൊട്ടരികിലായിരുന്നു. യാസർ ഇബ്രാഹിം (15′), മൊസ്തഫ സിക്കോ (67′) എന്നിവരുടെ ഗോളുകളിലൂടെ 2-0-ത്തിന് മുന്നിട്ടുനിന്ന ഈജിപ്തിനെതിരെ അർജന്റീന കടുത്ത തിരിച്ചുവരവാണ് നടത്തിയത്. ക്രിസ്റ്റ്യൻ റൊമേറോ (79′), ലയണൽ മെസ്സി (83′) എന്നിവരിലൂടെ സമനില പിടിച്ച അർജന്റീന, ഇഞ്ചുറി ടൈമിൽ (90+3′) എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.
Also Read:ഫിഫയുടെ ‘ഇരട്ടത്താപ്പ്’; ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തി, അപ്പീൽ തള്ളി!
വിവാദമായി റഫറിയുടെ തീരുമാനങ്ങൾ
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് വിവാദമായത്. ഇഞ്ചുറി ടൈമിൽ മാത്രം ഈജിപ്ഷ്യൻ താരങ്ങൾക്ക് 5 മഞ്ഞക്കാർഡുകളാണ് റഫറി നൽകിയത്. റഫറിയുടെ ഈ കടുത്ത തീരുമാനങ്ങളും വിവേചനപരമായ സമീപനവുമാണ് തങ്ങളുടെ തോൽവിക്ക് വഴിയൊരുക്കിയതെന്ന് ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ആരോപിക്കുന്നു. റഫറിയുടെ പെരുമാറ്റത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അവർ ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്.






