‘റീച്ച് കൂട്ടാൻ അപകീർത്തികരമായ ലൈവ്’; നടപടിയുമായി യുഎഇ!

രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും ദേശീയതയെയും സാമൂഹിക മൂല്യങ്ങളെയും അവഹേളിക്കുന്ന രീതിയിൽ തൽസമയ സംപ്രേഷണം നടത്തിയതിനാണ് നടപടി

‘റീച്ച് കൂട്ടാൻ അപകീർത്തികരമായ ലൈവ്’; നടപടിയുമായി യുഎഇ!
‘റീച്ച് കൂട്ടാൻ അപകീർത്തികരമായ ലൈവ്’; നടപടിയുമായി യുഎഇ!

രാജ്യത്തിന്റെ മാധ്യമ നിബന്ധനകൾ ലംഘിച്ച് സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ ലൈവ് സ്ട്രീമിങ് നടത്തിയ രണ്ട് വ്യക്തികൾക്കെതിരെ യുഎഇ ദേശീയ മാധ്യമ അതോറിറ്റി (എൻഎംഎ) നിയമനടപടി സ്വീകരിച്ചു. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും ദേശീയതയെയും സാമൂഹിക മൂല്യങ്ങളെയും അവഹേളിക്കുന്ന രീതിയിൽ തൽസമയ സംപ്രേഷണം നടത്തിയതിനാണ് നടപടി. ഇതിൽ ഒരാളുടെ പരസ്യ പെർമിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്ത് കാഴ്ചക്കാരെ കൂട്ടാനോ വിവാദങ്ങൾ സൃഷ്ടിക്കാനോ ശ്രമിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകളോ അപകീർത്തികരമായ കാര്യങ്ങളോ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ അപകീർത്തിക്കേസുകൾക്കും സൈബർ നിയമ ലംഘനങ്ങൾക്കും അഞ്ച് ലക്ഷം ദിർഹം വരെ പിഴയും തടവുശിക്ഷയും പ്രവാസികൾക്ക് നാടുകടത്തലും വരെ നേരിടേണ്ടി വന്നേക്കാം. ‘മീഡിയ റെഗുലേഷൻ ലോ’, ‘കംബാറ്റിങ് റൂമേഴ്സ് ആൻഡ് സൈബർ ക്രൈംസ് ലോ’ എന്നീ നിയമങ്ങൾ വഴിയാണ് യുഎഇയിൽ ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. അതിനാൽ രാജ്യത്തിന്റെ സുരക്ഷയും സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കാൻ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Share Email
Top