കണ്ണൂരില്‍ 100 ശതമാനം വിജയം ഉറപ്പ്, ഹസ്സന്റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നു: കെ സുധാകരന്‍

കണ്ണൂരില്‍ 100 ശതമാനം വിജയം ഉറപ്പ്, ഹസ്സന്റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നു: കെ സുധാകരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് എം എം ഹസ്സന്‍ മാറാന്‍ വൈകിയത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് കെ സുധാകരന്‍. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റശേഷം ഇന്ദിര ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരു അനിശ്ചിതത്വവും ഉണ്ടാക്കിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. എം എം ഹസ്സന്‍ ചുമതല കൈമാറാന്‍ ഇന്ദിര ഭവനില്‍ എത്തിയിരുന്നില്ല. എന്നാല്‍, ഹസ്സന്റെ സാനിധ്യം അനിവാര്യമാണെന്ന് സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങളില്ല. ഹസ്സന്‍ ഇടക്കാല പ്രസിഡന്റായിരുന്നപ്പോള്‍ എടുത്ത തീരുമാനങ്ങളില്‍ പരാതിയുള്ളവ പുനപരിശോധിക്കും. എഐസിസി നിര്‍ദേശപ്രകാരമാണ് താന്‍ ഇവിടെ എത്തിയത്. തിരിച്ച് ചുമതലയേല്‍ക്കലില്‍ കീഴ് വഴക്കങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ല. സംഘടനാ നടപടി നേരിട്ടവരെ എം എം ഹസ്സന്‍ തിരിച്ചെടുത്ത സാഹചര്യത്തില്‍ കൂടിയാലോചന ഉണ്ടായിട്ടില്ല. അത് പുനഃപരിശോധിക്കണമോ എന്നത് ആലോചിക്കും. അതുമാത്രമാണ് താല്‍ക്കാലിക അധ്യക്ഷനെന്ന നിലയില്‍ ഹസ്സനെതിരെയുള്ള പരാതി. അത് ഒഴിച്ച് നിര്‍ത്തിയാല്‍ ഹസന്റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നു.

കണ്ണൂരില്‍ 100 ശതമാനം വിജയം ഉറപ്പാണ്. കണ്ണൂരില്‍ വിജയിച്ചാല്‍ രണ്ട് ചുമതലകളും ഒന്നിച്ചു കൊണ്ടു പോകണമോ എന്നത് ആലോചിക്കും. എല്ലാ നേതാക്കളും തന്റെ ഒപ്പം ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. പ്രതിപക്ഷ നേതാവ് ബഹുമുഖ വൈഭവമുള്ളയാളാണ്. പാര്‍ട്ടി പറഞ്ഞാല്‍ എന്തും വിട്ടുകൊടുക്കും. കീഴ് വഴക്കങ്ങളുടെ ഭാഗമായിട്ടാണ് താന്‍ ഇവിടെ ഇരിക്കുന്നത്. താന്‍ തിരികെ ചുമതലയേല്‍ക്കുമ്പോള്‍ എന്തുകൊണ്ട് വന്നില്ല എന്ന് എം എം ഹസ്സനോട് വിളിച്ചു ചോദിക്കും. പാര്‍ട്ടിക്ക് അകത്തെ പ്രശ്നങ്ങള്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യും. വഴിയോരത്ത് നില്‍ക്കുമ്പോഴാണ് പലരും മുഖ്യമന്ത്രിയുടെ വിദേശയാത്ര അറിഞ്ഞത്. എന്തിനാണ് ഇത്ര രഹസ്യാത്മകത. പകരം ചുമതല പോലും നല്‍കാതെയുള്ള യാത്ര എന്തിനാണ്. സ്വന്തം പാര്‍ട്ടിയോട് പോലും കൂറ് പുലര്‍ത്താത്തയാളാണ് പിണറായി വിജയന്‍. യാത്രയുടെ ചിലവ് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Top