CMDRF

പോലീസ് എത്തും മുമ്പ് ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു: വനിതാ ഡോക്ടര്‍

പോലീസ് എത്തും മുമ്പ് ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു: വനിതാ ഡോക്ടര്‍
പോലീസ് എത്തും മുമ്പ് ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നു: വനിതാ ഡോക്ടര്‍

തിരുവനന്തപുരം: നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ വെടിവെച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രതിയായ വനിതാ ഡോക്ടര്‍. പൊലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ വരുന്നെന്ന് മനസിലായപ്പോള്‍ ജീവനൊടുക്കാന്‍ തയ്യാറെടുത്തുവെന്ന് ഡോക്ടര്‍ പൊലീസിനോട് പറഞ്ഞു. തന്നിലേക്ക് അന്വേഷണം എത്തുന്നില്ല എന്നും തനിക്കെതിരായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല എന്നുമുള്ള സൂചന വാര്‍ത്തകളില്‍ നിന്ന് ലഭിച്ചതോടെയാണ് വീണ്ടും ആശുപത്രി ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറായത് എന്നും എന്നാല്‍ ഷിനിയുടെ ഭര്‍ത്താവ് സുജീത് വിളിച്ചതോടെ തന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും ഡോക്ടര്‍ പറഞ്ഞു.

സുജീത് ആവര്‍ത്തിച്ച് നിരവധി തവണ ചോദിച്ചുവെങ്കിലും സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നാണ് പറഞ്ഞത്. സുജിത്തിന്റെ ഫോണ്‍ കോള്‍ വന്നതിന് ശേഷമാണ്, പൊലീസ് തന്നെ പിടികൂടാന്‍ വരും മുന്‍പ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ഡോക്ടര്‍ പൊലീസിനോട് പറഞ്ഞു. കൃത്യമായ ആസൂത്രണം നടത്തിയാണ് എയര്‍ പിസ്റ്റള്‍ വാങ്ങിച്ചത്. തുടരെ വെടിവയ്ക്കാവുന്ന തോക്കിനെക്കുറിച്ച് പരിശോധിച്ചുറപ്പിച്ചു. അതിന് ശേഷമാണ് ഓണ്‍ലൈനിലൂടെ പിസ്റ്റള്‍ വാങ്ങിയത്. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടുന്നതിനായുള്ള കാര്യങ്ങളും മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തിയത് വെറും ഒരു മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ്, ഡോക്ടര്‍ പൊലീസിനോട് വെളിപ്പെടുത്തി.

തോക്ക് വാങ്ങിയതിന്റെ ഉള്‍പ്പെടെ രേഖകള്‍ പൊലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്. തോക്ക് പൊലീസ് ഫൊറന്‍സിക് വിഭാഗത്തിന്റെ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം, ഡോക്ടര്‍ നല്‍കിയ പീഡനക്കേസ് കൊല്ലത്തേക്ക് കൈമാറും. ഡോക്ടറുടെ പരാതിയില്‍, വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തിനെതിരെയെടുത്ത പീഡനക്കേസ് കൊല്ലം സിറ്റി പൊലീസിന് കൈമാറും. ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജോലിചെയ്യുമ്പോഴാണ് സൗഹൃദം തുടങ്ങിയതെന്നും അവിടെ വച്ചാണ് പീഡനം നടന്നതെന്നുമുള്ള മൊഴിയിലുള്ളത്. ഇരുവരും തമ്മിലെ അടുപ്പത്തിന്റെ തെളിവു ശേഖരിക്കാന്‍ ഇരുവരുടെയും ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. മെസേജുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. സുജീത്തിനെ കാണാന്‍ ഡോക്ടര്‍ മാലദ്വീപില്‍ പോയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചാണ് ലൈംഗിക പീഡനം നടത്തിയതെന്ന ഡോക്ടറുടെ മൊഴിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Top