ആനയിറങ്കലിലെ യുവതിയുടെ മരണം കൊലപാതകം; ബന്ധുവായ പ്രതി പിടിയിൽ

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ശാന്തിയെ വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്

ആനയിറങ്കലിലെ യുവതിയുടെ മരണം കൊലപാതകം; ബന്ധുവായ പ്രതി പിടിയിൽ
ആനയിറങ്കലിലെ യുവതിയുടെ മരണം കൊലപാതകം; ബന്ധുവായ പ്രതി പിടിയിൽ

ഇടുക്കി ആനയിറങ്കലിൽ കുഴഞ്ഞുവീണ് മരിച്ചതെന്ന് കരുതിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. ശങ്കരപാണ്ഡ്യൻമേട് സ്വദേശിനി ശാന്തി (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശാന്തിയുടെ ഭർത്താവ് ജഗൻമോഹന്റെ സഹോദരീഭർത്താവായ രാമകൃഷ്ണനെ (50) ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ശാന്തിയെ വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവതിക്ക് നേരത്തെ തന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ സ്വാഭാവിക മരണമാണെന്നാണ് ബന്ധുക്കൾ ആദ്യം കരുതിയത്. എന്നാൽ കഴുത്തിലെ അസ്വാഭാവിക പാടുകളിൽ സംശയം തോന്നിയ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയായിരുന്നു. ശാന്തിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തോർത്ത് കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.

സംഭവം നടന്ന ദിവസം ജഗൻമോഹൻ വീട്ടിലില്ലാത്ത സമയത്താണ് രാമകൃഷ്ണൻ അവിടെയെത്തിയത്. ആണി ചോദിച്ചെത്തിയ ഇയാളെക്കുറിച്ച് ശാന്തി ഭർത്താവിനെ ഫോണിൽ വിളിച്ചു പറയുകയും ചെയ്തിരുന്നു. ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ശാന്തിയെ മരിച്ച നിലയിൽ കണ്ടത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെയും മൂന്നാർ ഡിവൈ.എസ്.പി.യുടെയും നിർദ്ദേശപ്രകാരം ശാന്തൻപാറ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ച് പ്രതിയെ പിടികൂടിയത്.

Share Email
Top