അരുണാചലിലെ മലയാളികളുടെ മരണം; മൂവരും പുനര്‍ജന്മത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നവര്‍

അരുണാചലിലെ മലയാളികളുടെ മരണം; മൂവരും പുനര്‍ജന്മത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നവര്‍

തിരുവനന്തപുരം: അരുണാചലില്‍ ജീവനൊടുക്കിയ നവീന്‍ തോമസും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും പുനര്‍ജന്മത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നവരെന്ന് അന്വേഷണസംഘം. ജീവനൊടുക്കിയാല്‍ ദുരിതങ്ങളില്ലാത്ത ലോകത്ത് ജീവിക്കാന്‍ അപൂര്‍വ ഭാഗ്യം ലഭിക്കുമെന്നായിരുന്നു നവീന്റെ ഉറച്ച വിശ്വാസം. പുനര്‍ജന്‍മം കിട്ടുന്നതിനുവേണ്ടി ജീവന്‍ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും നവീന്‍ ഭാര്യയെയും ആര്യയെയും പറഞ്ഞു ബോധ്യപ്പെടുത്തിയതായും അന്വേഷണ സംഘം പറഞ്ഞു.

പ്രളയം വരുമെന്നും ഭൂമി നശിക്കുമെന്നും അതിനുമുന്‍പ് അന്യഗ്രഹത്തിലെത്തിയാല്‍ പുനര്‍ജന്‍മം ലഭിക്കുമെന്നും നവീന്‍ വിശ്വസിച്ചിരുന്നതായി അന്വേഷണസംഘം പറയുന്നു. ദേവിയിലൂടെ ഇക്കാര്യം ആര്യയിലും എത്തിക്കാന്‍ നവീനു കഴിഞ്ഞു. പ്രളയമുണ്ടാകുമ്പോള്‍ ഉയരക്കൂടുതലുള്ള പ്രദേശത്ത് ജീവിച്ചാല്‍ ജീവന്‍ രക്ഷിക്കാമെന്നായിരുന്നു നവീന്റെ വിശ്വാസം. പ്രളയമുണ്ടാകുമ്പോള്‍ സുരക്ഷയ്ക്കായി പര്‍വതാരോഹണത്തിനും നവീന്‍ തയാറെടുപ്പുകള്‍ നടത്തിയതായി തെളിവു ലഭിച്ചിട്ടുണ്ട്.

പര്‍വതമുകളിലെ താമസം, സൗകര്യം എന്നിവയെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചു. പര്‍വതാരോഹണം നടത്താനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ നീക്കം തുടങ്ങി. ഇന്റര്‍നെറ്റിലൂടെ ഇവ പഠിക്കാനും ശ്രമിച്ചു. വസ്ത്രം, പാത്രങ്ങള്‍, ടെന്റ് നിര്‍മിക്കാനുള്ള സാമഗ്രികള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങി. നവീന്റെ കാറിനുള്ളില്‍ നിന്ന് ഇവ അന്വേഷണ സംഘം കണ്ടെടുത്തു.

Top