തൃശ്ശൂർ: ചെറുതുരുത്തിയിൽ ഒന്നാം ക്ലാസുകാരിയുടെ മരണം പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. വെട്ടിക്കാട്ടിരി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഏഴുവയസ്സുകാരി സൻഹ മെഹ്റിനാണ് കഴിഞ്ഞ മാസം 28-ന് ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. മരണസമയത്ത് സൻഹ വെള്ളത്തിനോട് കടുത്ത വിരക്തി കാണിക്കുകയും വായിൽനിന്ന് നുരയും പതയും വരികയും ചെയ്തിരുന്നു.
ആശുപത്രി അധികൃതർ നൽകിയ വിവരത്തെത്തുടർന്ന് ആരോഗ്യവകുപ്പ് കുട്ടിയുടെ സ്രവങ്ങൾ സെൻട്രൽ ലാബിലേക്ക് അയച്ച് പരിശോധിച്ചു. ഈ പരിശോധനാ ഫലത്തിലാണ് മരണകാരണം പേവിഷബാധയാണെന്ന് വ്യക്തമായത്. എന്നാൽ കുട്ടിക്ക് എപ്പോൾ, എവിടെനിന്നാണ് രോഗബാധയേറ്റതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കുട്ടി വീടിനടുത്തുള്ള പൂച്ചകളുമായി കളിക്കാറുണ്ടായിരുന്നുവെന്നും അതാണോ രോഗകാരണമെന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
Also Read:കേരളത്തിൽ വേനൽമഴ കനക്കുന്നു! ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിലും ജാഗ്രത
സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി സൻഹയുമായി സമ്പർക്കം പുലർത്തിയിരുന്ന പതിനഞ്ചോളം പേർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിക്കഴിഞ്ഞു.






