പശ്ചിമേഷ്യൻ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ ജനീവയിൽ വെച്ച് ചരിത്രപരമായ സമാധാന കരാർ ഒപ്പുവെക്കാനിരിക്കെ, ആഗോള വിപണികളെയും അമേരിക്കയെയും ഒരേപോലെ ആശങ്കയിലാഴ്ത്തുന്ന പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നിരിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ച് വെറും മൂന്ന് മാസത്തിനുള്ളിൽ, ലോകത്തിലെ മറ്റേതൊരു ആണവായുധത്തേക്കാളും മാരകവും ശക്തവുമായ ഒരു ആയുധം ഇറാൻ സ്വന്തമാക്കിയെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്. ആഗോള ഊർജ്ജ വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ നിയന്ത്രണമാണ് ഇറാൻ ഇപ്പോൾ കൈക്കലാക്കിയിരിക്കുന്നത്. അമേരിക്കയുമായി സമാധാന ഉടമ്പടി നിലവിൽ വന്നാൽ പോലും, തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ ആഗോള സമ്പദ്വ്യവസ്ഥയെ നിമിഷനേരം കൊണ്ട് അസ്വസ്ഥമാക്കാൻ ഇറാന് സാധിക്കുമെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾ സ്തംഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ഇതിന് കടുത്ത ഭാഷയിൽ പ്രതികാരം വീട്ടിയ ഇറാൻ, ഗൾഫ് മേഖലയിലുടനീളമുള്ള അമേരിക്കയുടെ പ്രധാന ഊർജ്ജ താവളങ്ങളെയും സഖ്യകക്ഷികളെയും ലക്ഷ്യമിട്ട് മിസൈൽ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ അഴിച്ചുവിട്ടു. ഖത്തർ, ബഹ്റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ഊർജ്ജ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഇറാന്റെ ഈ ആക്രമണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉൽപ്പാദന സമുച്ചയമായ ഖത്തറിലെ റാസ് ലഫാന് ഇറാനിയൻ മിസൈൽ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതോടെ ആഗോള ഊർജ്ജ വിപണി പൂർണ്ണമായും ഞെട്ടിത്തരിച്ചുപോയിരുന്നു. ഗൾഫ് രാജ്യങ്ങളുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ തകർത്ത് എങ്ങനെ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാമെന്ന് ഇറാൻ ഈ യുദ്ധത്തിലൂടെ കൃത്യമായി പഠിച്ചുകഴിഞ്ഞു.

ഈ തന്ത്രപരമായ നീക്കങ്ങളുടെ ഏറ്റവും വലിയ വിജയമാണ് ആഗോള എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന സുപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേൽ ഇറാൻ നേടിയ ആധിപത്യം. യുദ്ധത്തിനിടയിൽ ഈ ജലപാത പൂർണ്ണമായി തടസ്സപ്പെടുത്താൻ ഇറാന് സാധിച്ചിരുന്നു. നിലവിൽ ഈ കടലിടുക്ക് തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം എപ്പോൾ വേണമെങ്കിലും അടച്ചുപൂട്ടാൻ അധികാരമുള്ള ഒരേയൊരു ശക്തിയായി ഇറാൻ മാറിയിരിക്കുന്നു. ഇതുകൊണ്ടാണ് തന്ത്രപരമായ ഈ ജലപാതയുടെ നിയന്ത്രണം ഏതൊരു ആണവായുധത്തേക്കാളും വലിയൊരു ആയുധമായി ഇറാൻ ഉപയോഗിക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. അമേരിക്കയുമായുള്ള വെടിനിർത്തൽ കരാർ 60 ദിവസത്തേക്ക് കൂടി നീട്ടാനും കൂടുതൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുമുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാണ്.
അതേസമയം, സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് ഈ ജൂൺ 19 ന് ഒപ്പുവെക്കുന്ന സമാധാന ഉടമ്പടിയോടെ ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണ്ണമായി തുറക്കാൻ വഴിയൊരുക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വരും ദിവസങ്ങളിൽ ഈ പ്രധാന ജലപാത കപ്പൽ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നും 60 ദിവസത്തിന് ശേഷവും ഇത് പൂർണ്ണമായും ‘ടോൾ ഫ്രീ’ ആയിരിക്കുമെന്നും ട്രംപ് അവകാശപ്പെടുന്നുണ്ട്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പിന്മേലാണ് ട്രംപ് ഈ സമാധാന കരാറിന് സമ്മതിച്ചതെങ്കിലും, അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റവും വലിയ തർക്കവിഷയമായി ഹോർമുസ് കടലിടുക്ക് വീണ്ടും മാറുകയാണ്. കരാറുകൾ ഒപ്പുവെച്ചാലും ഇല്ലെങ്കിലും ലോകത്തിന്റെ ഊർജ്ജ വിതരണത്തിന്റെ താക്കോൽ തങ്ങളുടെ കൈകളിൽ ഭദ്രമാക്കിക്കൊണ്ട് ഇറാൻ പശ്ചിമേഷ്യയിൽ തങ്ങളുടെ അപ്രമാദിത്വം ഉറപ്പിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്ന യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ.






