ഔദ്യോഗികമായി യാതൊരു വരുമാനവുമില്ലാതെ സർക്കാരിന്റെ ക്ഷേമ ആനുകൂല്യങ്ങളും നികുതിയും വെട്ടിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന കുറ്റവാളി കുടുംബത്തെ സിനിമാ സ്റ്റൈലിൽ ജർമൻ പൊലീസ് പിടികൂടി. ഇൻഗോൾസ്റ്റാറ്റിൽ അതീവ രഹസ്യമായി നടന്ന ഒരു വിവാഹാഘോഷത്തിനിടയിലേക്ക് അഞ്ഞൂറോളം പൊലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും ഇരച്ചുകയറിയാണ് വൻ റെയ്ഡ് നടത്തിയത്. കള്ളപ്പണ വെളുപ്പിക്കലും സാമ്പത്തിക തട്ടിപ്പുകളും നടത്തിവന്ന മോണ്ടെനെഗ്രോ സ്വദേശികളായ റോമ ക്ലാൻ കുടുംബത്തെ ലക്ഷ്യമിട്ടാണ് ഈ നീക്കം നടന്നത്.
‘ഓപ്പറേഷൻ അവലോൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പരിശോധനയ്ക്കായി അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെക്കൂടി അണിനിരത്തിയിരുന്നു. മാസങ്ങളായി ഈ കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളും ആഡംബര ജീവിതവും പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. യാതൊരു ഔദ്യോഗിക ജോലിയോ വരുമാനമോ ഇല്ലാത്ത ഇവർ ലക്ഷക്കണക്കിന് യൂറോയുടെ ആഡംബര വസ്തുക്കളാണ് സ്വന്തമാക്കിയിരുന്നത്. വിവാഹവേദിക്ക് സമീപം ചെറിയൊരു പരിശോധന കണ്ട് സംശയം തോന്നിയ അതിഥികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പൊലീസ് മുൻകൂട്ടി തയാറാക്കിയ മാസ്റ്റർ പ്ലാനിലൂടെ മുഴുവൻ പ്രദേശവും വളയുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ വധൂവരന്മാർ സഞ്ചരിച്ച റോൾസ് റോയ്സ് കാറുകൾ, ലക്ഷക്കണക്കിന് യൂറോ വിലമതിക്കുന്ന റോളക്സ് വാച്ചുകൾ, വൻതുക കൈവശമുള്ള പണം, സ്വർണാഭരണങ്ങൾ എന്നിവയെല്ലാം പൊലീസ് കണ്ടുകെട്ടി. വിവാഹമണ്ഡപത്തിൽ വെച്ച് തന്നെ വരനെയും മറ്റു പ്രധാന പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടാൻ ശ്രമിച്ച മറ്റു ചിലരെ ഹൈവേകളിലും പ്രധാന റോഡുകളിലും വെച്ച് തടഞ്ഞുനിർത്തിയാണ് പിടികൂടിയത്.
ജർമനിയിൽ സമീപകാലത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ നടന്ന ഏറ്റവും വലിയ പൊലീസ് നടപടികളിലൊന്നാണിത്. നിയമത്തിന്റെ കണ്ണുവെട്ടിച്ച് ആഡംബര ജീവിതം നയിച്ച കുറ്റവാളികൾക്ക് കനത്ത പ്രഹരമായി മാറിയിരിക്കുകയാണ് ഈ സംഭവം.






