ദര്‍ശന്‍ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാണ്: ഒരു കൊലക്കേസില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കാനാവുന്നില്ല; നടി അനുഷാ റായ്

ദര്‍ശന്‍ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാണ്: ഒരു കൊലക്കേസില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കാനാവുന്നില്ല; നടി അനുഷാ റായ്

രേണുകാ സ്വാമി കൊലക്കേസില്‍ അറസ്റ്റിലായ നടന്‍ ദര്‍ശന്‍ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനാണെന്ന് കന്നഡ നടി അനുഷാ റായ്. കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അനുഷ ഇക്കാര്യം പറഞ്ഞത്. ദര്‍ശന്‍ ഒരു കൊലക്കേസില്‍ ഉള്‍പ്പെട്ടതായി വിശ്വസിക്കാനാവുന്നില്ലെന്ന് അനുഷ റായ് പറഞ്ഞു. അദ്ദേഹം വളരെ എളിമയും കരുതലുമുള്ള വ്യക്തിയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ക്ഷിപ്രകോപ സ്വഭാവമുള്ളയാളാണ് ദര്‍ശന്‍. അതേസമയം, എളിമയും കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹം എല്ലാ കാര്യത്തിലും കോപപ്പെടുന്നയാളല്ല. ആളുകള്‍ ശ്രദ്ധാപൂര്‍വ്വം സംസാരിക്കുന്നു. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍, അത് എന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ്. തന്റെ ഈ ദേഷ്യത്തേക്കുറിച്ച് ദര്‍ശന്‍തന്നെ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.’ അനുഷ ചൂണ്ടിക്കാട്ടി. അതേസമയം ദര്‍ശനും പവിത്രയുംതമ്മിലുള്ള ബന്ധത്തേക്കുറിച്ച് തനിക്കറിയില്ലായിരുന്നെന്ന് അനുഷ റായ് വ്യക്തമാക്കി. ദര്‍ശന്റെ ഭാര്യയും മകനും അനുഭവിക്കുന്ന സൈബര്‍ ആക്രമണത്തെ അനുഷ അപലപിക്കുകയും ചെയ്തു. രേണുകാസ്വാമി കൊലക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ 30 ലക്ഷംരൂപ നല്‍കിയതായി ദര്‍ശന്‍ കുറ്റസമ്മതം നടത്തിയിരുന്നു. മറ്റൊരു പ്രതിയായ പ്രദോഷിനാണ് പണം നല്‍കിയത്. പണം പ്രദോഷിന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുക്കുകയുംചെയ്തു. രേണുകാസ്വാമിയുടെ മൃതദേഹം മറവുചെയ്യാനും തന്റെ പേര് പുറത്തുവരാതിരിക്കാനുമാണ് ദര്‍ശന്‍ കൂട്ടാളികള്‍ക്ക് കൊടുക്കാനായി പണം നല്‍കിയതെന്നാണ് പോലീസ് അറിയിച്ചത്.

കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയാണ് ദര്‍ശന്റെ ആരാധകന്‍കൂടിയായ രേണുകാസ്വാമി. ചിത്രദുര്‍ഗയില്‍നിന്ന് ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോയ രേണുകാസ്വാമിയെ ഒരു ഷെഡ്ഡില്‍വെച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. വടികൊണ്ടും മറ്റും യുവാവിനെ നിരന്തരം മര്‍ദിച്ചു. കെട്ടിയിട്ടും ഉപദ്രവം തുടര്‍ന്നു. പിന്നാലെ യുവാവിനെ ഷോക്കേല്‍പ്പിച്ചതായും പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ ഒമ്പതാം തീയതി ബെംഗളൂരുവിലെ ഒരു അഴുക്കുചാലില്‍നിന്നാണ് രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മുഖത്തിന്റെ പാതിഭാഗം നായ്ക്കള്‍ ഭക്ഷിച്ചനിലയിലായിരുന്നു. ഒരു ചെവിയും മൃതദേഹത്തില്‍ കാണാനില്ലായിരുന്നു. യുവാവിന്റെ ജനനേന്ദ്രിയം തകര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുകളിലുണ്ട്.

Top