പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത് പെൺകുട്ടിയെ അഞ്ച് വർഷം പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ.
ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആകെ 58 പ്രതികളാണു കേസിലുള്ളത്. 14 പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. ഇതിൽ രണ്ട് പേർ വിദേശത്തും ഒരാൾ സംസ്ഥാനത്തിന് പുറത്തുമാണ്. അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്.
വിവിധ സ്റ്റേഷനുകളിലായി 29 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട പോലീസ് അന്വേഷിക്കുന്ന ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം സ്റ്റേഷനിലേക്കു കൈമാറി. പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഇലവുംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസിൽ റാന്നി മജിസ്ട്രേട്ട് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
Also Read: സ്വകാര്യ സര്‍വകലാശാലകള്‍ യുജിസിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യും: മുഖ്യമന്ത്രി
തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗമാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിക്ക് കൗൺസിലിങിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ്കുമാർ അറിയിച്ചു.