തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിന് സമീപം ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് 5, 6 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര, അതിശക്തമായ മഴയ്ക്കും ആഗസ്റ്റ് 5 മുതൽ 8 വരെ തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ഓഗസ്റ്റ് 5 മുതൽ 6 വരെ 40 മുതൽ 50 കിലോമീറ്റരർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം വന്നിരിക്കുന്നത്. കേരളത്തിൽ അതിതീവ്ര മഴ തുടരുകയാണ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.






