കരഞ്ഞും പിടിച്ചും ഒടുവിൽ കാര്യം നേടി ട്രംപ്! നോബലല്ല, കിട്ടിയത് ഫിഫയുടെ ‘സമാധാന കളിപ്പാട്ടം’?

"ജനങ്ങളെക്കുറിച്ച് കരുതലുള്ള നേതാവ്" എന്ന് വിശേഷിപ്പിച്ച ഇൻഫാന്റിനോ, ട്രംപ് നോബൽ സമ്മാനത്തിന് അർഹനാണെന്ന് മുമ്പ് പല വേദികളിലും അഭിപ്രായപ്പെട്ടിട്ടുണ്ട്

കരഞ്ഞും പിടിച്ചും ഒടുവിൽ കാര്യം നേടി ട്രംപ്! നോബലല്ല, കിട്ടിയത് ഫിഫയുടെ ‘സമാധാന കളിപ്പാട്ടം’?
കരഞ്ഞും പിടിച്ചും ഒടുവിൽ കാര്യം നേടി ട്രംപ്! നോബലല്ല, കിട്ടിയത് ഫിഫയുടെ ‘സമാധാന കളിപ്പാട്ടം’?

മേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വളരെക്കാലമായി ആഗ്രഹിച്ചിരുന്ന, എന്നാൽ കൈപ്പിടിയിൽ ഒതുങ്ങാതെ പോയ ഒരു സ്വപ്നമാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം, ഇപ്പോഴിതാ ആ മോഹത്തിന് ഒടുവിൽ ഭാഗികമായെങ്കിലും ഒരു ഫലം കണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള സമാധാന പ്രേമികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട്, 2026-ലെ ലോകകപ്പിന്റെ ഔദ്യോഗിക നറുക്കെടുപ്പ് ചടങ്ങിനിടെ ഫിഫയുടെ പുതുതായി സൃഷ്ടിച്ച സമാധാന സമ്മാനം അദ്ദേഹത്തിന് ലഭിച്ചു.

“ജനങ്ങളെ ഒന്നിപ്പിക്കുകയും ഭാവി തലമുറകൾക്ക് പ്രതീക്ഷ നൽകുകയും ചെയ്യുന്ന വ്യക്തികളെ” അംഗീകരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ അവാർഡ്, ട്രംപിന്റെ വർഷങ്ങളായുള്ള അഭ്യർത്ഥനകൾക്ക് ഫിഫാ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ നൽകിയ ഒരു ‘ആശ്വാസ സമ്മാനമായിട്ടാണ്’ ആഗോള രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 2026-ലെ ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങളാണ് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത് എന്നതിനാൽ, ഈ വേദി അവാർഡ് നൽകാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ അസ്വാഭാവികതയൊന്നും ഉണ്ടായിരുന്നില്ല.

ട്രംപും ഫിഫാ പ്രസിഡന്റ് ഇൻഫാന്റിനോയും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിവുള്ള കാര്യമാണ്. “ജനങ്ങളെക്കുറിച്ച് കരുതലുള്ള നേതാവ്” എന്ന് വിശേഷിപ്പിച്ച ഇൻഫാന്റിനോ, ട്രംപ് നോബൽ സമ്മാനത്തിന് അർഹനാണെന്ന് മുമ്പ് പല വേദികളിലും അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും, ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കുന്നതിൽ ട്രംപ് മധ്യസ്ഥത വഹിച്ചപ്പോൾ അദ്ദേഹമാണ് പുരസ്‌കാരത്തിന് ഏറ്റവും അർഹനെന്ന് ഇൻഫാന്റിനോ ശക്തമായി വാദിച്ചു. ഈ അടുത്ത ബന്ധം നിലനിൽക്കെ, കായികരംഗവുമായി മാത്രം ബന്ധമുള്ള ഫിഫ ഒരു പുതിയ ‘സമാധാന സമ്മാനം’ പ്രഖ്യാപിച്ചപ്പോൾ, അതിന്റെ ആദ്യ ജേതാവ് ട്രംപ് തന്നെയായിരിക്കുമെന്ന് ലോകം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. നറുക്കെടുപ്പ് വേദിയിൽ വെച്ച്, “ഇത് നിങ്ങളുടെ സമാധാന സമ്മാനമാണ്” എന്ന് പറഞ്ഞ് സ്വർണ്ണ മെഡലും ഭൂഗോളത്തെ കൈകളിൽ ഉയർത്തിപ്പിടിക്കുന്ന രൂപത്തിലുള്ള സ്വർണ്ണ ട്രോഫിയും നൽകി. വർഷങ്ങളായി നോബേലിനായി കരഞ്ഞ ഒരു കുട്ടിയെ കളിപ്പിക്കാൻ വേണ്ടി നൽകിയ കളിപ്പാട്ടം പോലെയാണ് ഈ ദൃശ്യങ്ങൾ പലർക്കും അനുഭവപ്പെട്ടത്.

ട്രംപിന്റെ ഭരണകാലത്തെ ‘അസാധാരണ സമാധാന ശ്രമങ്ങളെ’ ആണ് സർട്ടിഫിക്കറ്റ് പ്രശംസിച്ചത്. തന്റെ ഭരണത്തിൻ കീഴിൽ, ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള ചരിത്രപരമായ കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചതും, ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കുന്നതിൽ മധ്യസ്ഥത വഹിച്ചതുമെല്ലാം തന്റെ സമാധാന ശ്രമങ്ങളായി ട്രംപ് ഉയർത്തിക്കാട്ടിയിരുന്നു.

എങ്കിലും, ട്രംപ് തന്റെ ഭരണനേട്ടമായി പറയുന്ന പല കാര്യങ്ങളും അന്താരാഷ്ട്ര തലത്തിൽ ശക്തമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ട്രംപിന്റെ ‘സമാധാന ശ്രമങ്ങളിലെ’ വൈരുധ്യങ്ങളാണ് വിമർശകർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ 2025 ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിലും, അതിനെത്തുടർന്ന് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന തിരിച്ചടിക്ക് ശേഷമുള്ള വെടിനിർത്തലിലും താൻ മധ്യസ്ഥത വഹിച്ചതായി ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വെടിനിർത്തൽ തീരുമാനത്തിലും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ ആവർത്തിച്ച് നിഷേധിച്ചു. കൂടാതെ, സ്വന്തം രാജ്യത്തിനകത്തും അതിർത്തികളിലും, കുടിയേറ്റം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിച്ച കടുപ്പമേറിയതും ആക്രമണോത്സുകവുമായ കാര്യങ്ങൾ അദ്ദേഹത്തിന്റെ ‘സമാധാന ദാഹ’ത്തിന് വിരുദ്ധമാണെന്നും വിമർശകർ വാദിക്കുന്നു.

കൂടാതെ ഈ അവാർഡ് ലഭിച്ച ആഴ്ചയിൽ തന്നെ, ട്രംപിന്റെ ഭരണകൂടം കരീബിയനിൽ മയക്കുമരുന്ന് ബോട്ടുകൾക്ക് നേരെയുണ്ടായ മാരകമായ ആക്രമണങ്ങളുടെയും അമേരിക്കൻ-മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കാനുള്ള നീക്കത്തെക്കുറിച്ചുള്ള നിലപാടുകളുടെയും പേരിൽ ആഗോളതലത്തിൽ രൂക്ഷമായ വിമർശനം നേരിടുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, ഫിഫയുടെ ഈ പുരസ്‌കാരം, ‘സമാധാനത്തിന്റെ നിർവചനത്തെ’ ട്രംപിന്റെ രാഷ്ട്രീയ സൗകര്യങ്ങൾക്കനുസരിച്ച് ഒന്ന് ഉടച്ചുവാർക്കാൻ ലോകത്തെ നിർബന്ധിക്കുന്നതായി നിരീക്ഷകർ പറയുന്നു. ഫുട്ബോളിനെ ആഗോള ഏകീകരണ ഘടകമായി കാണാനുള്ള ഇൻഫാന്റിനോയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഫിഫ ഈ അവാർഡ് അവതരിപ്പിച്ചതെങ്കിലും, കായിക ലോകത്തും രാഷ്ട്രീയ രംഗത്തും ഈ സമ്മാനം ചോദ്യചിഹ്നങ്ങളുയർത്തി.

വർഷങ്ങളോളം താൻ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും, അതിനായി പൊതുവേദികളിൽ ലോബിയിംഗ് നടത്തുകയും ചെയ്ത ട്രംപിനെ സംബന്ധിച്ചിടത്തോളം ഈ നിമിഷം വൈകാരികമായിരുന്നു. “ഇതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്” എന്നായിരുന്നു ഫിഫാ സമ്മാനം സ്വീകരിച്ച ശേഷം അദ്ദേഹത്തിന്റെ പ്രതികരണം. നോബൽ മോഹം സഫലമാവാത്തതിലുണ്ടായിരുന്ന നിരാശയുടെ ആഴം എത്രത്തോളമായിരുന്നുവെന്ന് ഈ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്. മറ്റ് ആതിഥേയ രാഷ്ട്രനേതാക്കളായ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം എന്നിവരെ ട്രംപ് വേദിയിൽ അഭിനന്ദിച്ചു.

അതേസമയം ഈ വർഷത്തെ സമാധാനത്തിനുള്ള യഥാർത്ഥ നോബൽ സമ്മാനം വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്കാണ് ലഭിച്ചതെങ്കിലും, ട്രംപിന്റെ പിന്തുണയെ മാനിച്ച് തന്റെ അംഗീകാരത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന് സമർപ്പിച്ചതായും അവർ പ്രഖ്യാപിച്ചു. ആകെ പറഞ്ഞാൽ, ട്രംപിന് ഫിഫ നൽകിയ ഈ ‘സമാധാന കിരീടം’ നോബൽ സ്വപ്നം യഥാർത്ഥരൂപംകൊള്ളാത്തതിന്റെ ഒരു ആശ്വാസമോ, കായികലോകം രാഷ്ട്രീയ സൗകര്യങ്ങൾക്ക് വഴങ്ങിയതിന്റെ ഉദാഹരണമോ ആണ് അതെന്തായാലും ലക്ഷക്കണക്കിന് ആളുകളുടെ ചർച്ചയ്ക്ക് വഴിയൊരുക്കി. മാത്രമല്ല , ഒരുകാര്യത്തിൽ സംശയമില്ല ,ട്രംപ് തന്റെ ‘നോബൽ മോഹം’ രാഷ്ട്രീയമായി ജീവിപ്പിക്കാൻ ഈ ഫിഫ പുരസ്‌കാരം പൂർണ്ണമായും ഉപയോഗിക്കും. നീണ്ട നാളത്തെ ‘കരച്ചിലിനും’ അഭ്യർത്ഥനകൾക്കും ശേഷം ആ സ്വർണ്ണത്തിളക്കം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ഈ അംഗീകാരം ട്രംപിന്റെ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്നും, ഭാവിയിൽ താൻ സമാധാനപരമായ ലോകത്തിനായി പ്രവർത്തിച്ച നേതാവാണ് എന്ന് വീണ്ടും വീണ്ടും സ്ഥാപിക്കാൻ അദ്ദേഹം ശ്രമിക്കുമെന്നും ഉറപ്പാണ്.

Share Email
Top