അറ്റ്‌ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന വിനോദസഞ്ചാര കപ്പലിൽ ഹാന്റാ വൈറസ് ബാധയെത്തുടർന്ന് മൂന്ന് മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ വയോധികരായ ദമ്പതികളും ഉൾപ്പെടുന്നു. നിലവിൽ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് കേപ് വെർഡെയ്ക്കു സമീപം നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മൂന്ന് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയും ദക്ഷിണാഫ്രിക്കൻ ആരോഗ്യ വകുപ്പും അറിയിച്ചു.
ഡച്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലെ രണ്ട് ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധ സംശയിക്കുന്ന ഒരാളെ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ള രോഗികളെ കപ്പലിൽ നിന്ന് ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെയും ജീവനക്കാരെയും നിലവിൽ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. പ്രാദേശിക പൊലീസും ആരോഗ്യവിദഗ്ധരും കപ്പലിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Also Read: 30 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ; 14 ഇന സമാധാന നിർദേശം അമേരിക്കക്ക് കൈമാറി
എലികളിൽ നിന്നും മറ്റ് കരണ്ടുതിന്നുന്ന ജീവവിഭാഗങ്ങളിൽ നിന്നും പടരുന്ന ഹാന്റാ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് പ്രധാനമായും ബാധിക്കുന്നത്. രോഗബാധിതരായ മൃഗങ്ങളുടെ വിസർജ്യങ്ങളുമായോ സ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് ഇത് മനുഷ്യരിലേക്ക് എത്തുന്നത്. പനി, കടുത്ത ശരീരവേദന, ശ്വാസംമുട്ടൽ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. നിലവിൽ ഈ വൈറസിന് പ്രത്യേക വാക്സിനോ ചികിത്സയോ ലഭ്യമല്ലെങ്കിലും രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് നൽകുന്ന വിദഗ്ധ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാനാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കപ്പലിലെ മറ്റ് യാത്രക്കാർ നിരീക്ഷണത്തിലാണ്.






