പ്രവാസലോകത്തെ നടുക്കി ക്രൂരത; ഷാർജയിൽ രണ്ടു വയസ്സുകാരനെ മൂന്നാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു

മുഹമ്മദ് അർഷ്മാൻ എന്ന പിഞ്ചുകുഞ്ഞാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പെൺകുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ സഹായത്തോടെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു

പ്രവാസലോകത്തെ നടുക്കി ക്രൂരത; ഷാർജയിൽ രണ്ടു വയസ്സുകാരനെ മൂന്നാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു
പ്രവാസലോകത്തെ നടുക്കി ക്രൂരത; ഷാർജയിൽ രണ്ടു വയസ്സുകാരനെ മൂന്നാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അതിക്രൂരമായ സംഭവം പുറത്തുവന്നു. രണ്ടു വയസ്സുകാരനായ പാകിസ്ഥാനി ബാലനെ അയൽവാസികളായ പത്ത് വയസ്സുകാരികൾ ചേർന്ന് റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി. മുഹമ്മദ് അർഷ്മാൻ എന്ന പിഞ്ചുകുഞ്ഞാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പെൺകുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ സഹായത്തോടെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ച കൊലപാതകത്തിന്റെ ഭയാനകമായ വിവരങ്ങൾ പുറത്തുവന്നത്.

സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ വെറും ഒരു മിനിറ്റത്തേക്ക് മാത്രമാണ് ഫ്ലാറ്റിനുള്ളിലേക്ക് കയറിയത്. ഈ സമയം ഫ്ലാറ്റിന് പുറത്തെ കോറിഡോറിൽ കുഞ്ഞുമായി കളിക്കുകയായിരുന്നു പ്രതികളായ പെൺകുട്ടികൾ. അമ്മ മാറിയ തക്കം നോക്കി പെൺകുട്ടികളിൽ ഒരാൾ പടിക്കെട്ടിന്റെ വാതിൽ തുറന്ന് കുഞ്ഞിനെ കൈവീശി അടുത്തേക്ക് വിളിക്കുകയായിരുന്നു. അമ്മയെപ്പോലെ സ്നേഹത്തോടെ വിളിച്ച പെൺകുട്ടിയുടെ അടുത്തേക്ക് കുഞ്ഞ് ഓടിച്ചെന്നയുടൻ രണ്ടാമത്തെ പെൺകുട്ടി വാതിൽ പെട്ടെന്ന് അടച്ചുപിടിച്ചു. തുടർന്ന് പടിക്കെട്ടിനോട് ചേർന്നുള്ള ജനലിന്റെ തുറന്ന ഭാഗത്തുനിന്നും ഏകദേശം 14 മീറ്റർ താഴ്ചയുള്ള നിലത്തേക്ക് ഇവർ കുഞ്ഞിനെ എടുത്തെറിയുകയായിരുന്നു.

Also Read: അജ്മാനിൽ ഇനി ‘ബോൾട്ട്’ വേഗത്തിൽ ടാക്സി; ദുബായ് ടാക്സിയും എ.ജെ ഇൻഡസ്ട്രീസും കൈകോർക്കുന്നു!

കുഞ്ഞിനെ താഴേക്ക് ഇട്ട ശേഷം ഒരു പെൺകുട്ടി ഭയന്നതുപോലെ ചെവിയിൽ കൈവെച്ച് ഓടിപ്പോയപ്പോൾ, മറ്റേ പെൺകുട്ടി യാതൊരു ഭാവവ്യത്യാസവുമില്ലാതെ കൈകൾ കുടഞ്ഞ് ശാന്തമായാണ് അവിടെ നിന്നും നടന്നുനീങ്ങിയത്. കെട്ടിടത്തിൽ നിന്നും പെട്ടെന്ന് നിലവിളി ശബ്ദം കേട്ടതായി സെക്യൂരിറ്റി ജീവനക്കാരൻ വ്യക്തമാക്കുന്നു. ലിഫ്റ്റിന് സമീപം ആരെങ്കിലും വഴക്കിടുകയാണെന്നാണ് ആദ്യം കരുതിയതെങ്കിലും താഴത്തെ നിലയിൽ കുഞ്ഞിന്റെ അമ്മ കരഞ്ഞ് സഹായം അഭ്യർത്ഥിക്കുന്നത് കണ്ടാണ് ഇയാൾ ഓടിയെത്തിയത്. ഉടൻ തന്നെ പൊലീസിനെയും ആംബുലൻസിനെയും വിവരമറിയിക്കുകയായിരുന്നു.

യുഎഇയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന പാകിസ്ഥാൻ സ്വദേശിയായ സജ്ജാദ് ഹുസൈന്റെ മകനാണ് മരിച്ച അർഷ്മാൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യുഎഇയിൽ പ്രവാസിയായ സജ്ജാദിനും കുടുംബത്തിനും അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഒടുവിലാണ് അർഷ്മാൻ ജനിക്കുന്നത്. കുടുംബത്തിന്റെ ജീവനായിരുന്ന കുഞ്ഞിന് രണ്ട് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞ് കൂടിയുണ്ട്. ഒരു അമ്മ കുട്ടിയെ വിളിക്കുന്നത് പോലെയാണ് ആ പെൺകുട്ടി തന്റെ മകനെ അങ്ങോട്ട് വിളിച്ചതെന്നും അവരെ വിശ്വസിച്ച് ഓടിച്ചെന്ന കുഞ്ഞിനെ വെറും നിമിഷങ്ങൾക്കുള്ളിലാണ് ഇല്ലാതാക്കിയതെന്നും പിതാവ് സജ്ജാദ് ഹുസൈൻ കണ്ണീരോടെ പറഞ്ഞു.

സംഭവം നടന്നയുടൻ ഷാർജ പൊലീസും സിഐഡിയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളായ പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസ് വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്. ഇത്രയും ചെറിയ പെൺകുട്ടികൾക്ക് ഒരു കുഞ്ഞിനോട് ഇത്തരമൊരു ക്രൂരത ചെയ്യാൻ പ്രേരിപ്പിച്ച ഘടകം എന്താണെന്നും ഇതിന് പിന്നിലെ കൃത്യമായ ലക്ഷ്യം എന്താണെന്നും വ്യക്തമല്ല. ദുരന്തത്തിന് പിന്നാലെ പൂർണ്ണമായും തകർന്ന ഈ പ്രവാസി കുടുംബം താല്ക്കാലികമായി പാകിസ്ഥാനിലേക്ക് മടങ്ങിയിരിക്കുകയാണ്.

Share Email
Top