ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധസമാനമായ അന്തരീക്ഷം ലോകത്തെ വീണ്ടുമൊരു ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഇറാനെതിരെ കൂടുതൽ ശക്തമായ സൈനിക ആക്രമണങ്ങൾ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളറിനടുത്തേക്ക് കുതിച്ചുയർന്നു. ട്രംപിന്റെ ഉത്തരവ് പ്രകാരം ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കു നേരെ അമേരിക്കൻ സെൻട്രൽ കമാൻഡ് “സ്വയം പ്രതിരോധ ആക്രമണങ്ങൾ” ആരംഭിച്ചുകഴിഞ്ഞു. നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാറുകൾ പൂർണ്ണമായും തകർന്നതോടെ, ആഗോള ഊർജ്ജ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വരും മാസങ്ങളിലും ലോകത്തെ പിടിച്ചുലയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
തുടർച്ചയായ രണ്ടാം ദിവസവും അന്താരാഷ്ട്ര വിപണിയിൽ ഡബ്ല്യുടിഐ, ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 1.50 ശതമാനത്തിലധികം വർദ്ധിച്ച് യഥാക്രമം ബാരലിന് 91 ഡോളറിലും 94 ഡോളറിലും എത്തി നിൽക്കുകയാണ്. യുദ്ധഭീതിയെത്തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ലോഹ വിപണിയിലും വൻ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില 0.84 ശതമാനം ഉയർന്ന് സ്വർണം ഔൺസിന് 4,106 ഡോളറിലും വെള്ളി ഔൺസിന് 64 ഡോളറിലുമെത്തി. എന്നാൽ ഇതേസമയം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ മൂലം ഏഷ്യൻ ഓഹരി വിപണികൾ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ജപ്പാനിന്റെ ‘നിക്കി 225’ സൂചിക മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചപ്പോൾ, ദക്ഷിണ കൊറിയയുടെ ‘കോസ്പി’ സൂചിക വലിയ നഷ്ടത്തോടെ ഗ്യാപ്-ഡൗണിലാണ് വ്യാപാരം ആരംഭിച്ചത്.
അമേരിക്കൻ സൈനിക ഹെലികോപ്റ്റർ ഇറാന്റെ സൈന്യം വെടിവച്ചിട്ടെന്ന ട്രംപിന്റെ വെളിപ്പെടുത്തലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത പുതിയ തലത്തിലെത്തിച്ചത്. ഇതിന് പകരമായി അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും പ്രഖ്യാപിച്ചതോടെ മേഖല പൂർണ്ണമായും യുദ്ധക്കളമായി മാറി. ഇറാന്റെ തന്ത്രപ്രധാന മേഖലകളായ ഖേഷ്ം ദ്വീപ്, ബന്ദർ അബ്ബാസ്, സിറിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ അമേരിക്കയുടെ ഇത്തരം സൈനിക ഭീഷണികൾക്ക് മുന്നിൽ ഇറാൻ ഭയപ്പെടില്ലെന്നും ശക്തമായി പ്രതിരോധിക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ധിക്കാരപൂർവ്വം തിരിച്ചടിച്ചിട്ടുണ്ട്.






