പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതിയായ ചെന്താമരയെ പേടിച്ച് കേസിൽ മൊഴി മാറ്റി നിര്‍ണായക സാക്ഷികള്‍. കൊലപാതകത്തിനുശേഷം ചെന്താമര കൊടുവാളുമായി നിൽക്കുന്നത് കണ്ട വീട്ടമ്മ ഒന്നും കണ്ടില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ചെന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരൻ അറിയില്ലെന്ന് പറഞ്ഞ് പിൻവാങ്ങിയിരിക്കുകയാണ്. കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും കൂറുമാറി.
ജനുവരി 27ന് രാവിലെയാണ് അയൽവാസികളായ തിരുത്തമ്പാടം ബോയൻനഗറിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്താമര പിടിയിലായത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം.
Also Read: രക്ഷിതാക്കള്‍ക്ക് ഇടയിലെ ശത്രുത കുട്ടികളിലേക്കും വ്യാപിക്കും: പി സതീദേവി
ശാസ്ത്രീയ തെളിവുകൾ, കൊലക്കുപയോഗിച്ച ആയുധങ്ങൾ, പ്രതിയുടെ വസ്ത്രം എന്നിവ പൊലീസിന് കണ്ടെടുക്കാനായിട്ടുണ്ട്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.