ആഗോള രാഷ്ട്രീയത്തെ പിരിമുറുക്കത്തിലാക്കുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്തതിനൊപ്പം, പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷഭരിതമായ സാഹചര്യങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.
ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) പുറത്തുവിട്ട പ്രസ്താവന പ്രകാരം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വിവിധ മേഖലകളിൽ കൂടുതൽ ശക്തമാക്കാൻ നേതാക്കൾ തീരുമാനിച്ചു. സാങ്കേതികവിദ്യ, സൈബർ സുരക്ഷ, കൃഷി, പ്രതിരോധം തുടങ്ങി മുൻപ് ഒപ്പുവെച്ച സുപ്രധാന കരാറുകളുടെ തുടർനടപടികളും വരാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറുമായി (FTA) ബന്ധപ്പെട്ട കാര്യങ്ങളും ഇരു നേതാക്കളുടെയും ചർച്ചയിൽ വിഷയമായി.
ഈ വർഷത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. 2017-ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിൽ നടത്തുന്ന രണ്ടാമത്തെ സന്ദർശനമായിരുന്നു അത്. 1992-ൽ ഔദ്യോഗികമായി നയബന്ധങ്ങൾ സ്ഥാപിച്ചതുമുതൽ പ്രതിരോധ രംഗത്തും സാങ്കേതിക രംഗത്തും ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ സഹകരണമാണ് നിലവിലുള്ളത്.
ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുന്ന പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ഈ ഫോൺ സംഭാഷണം അതീവ പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചർച്ചകൾ ഇനിയും തുടരുമെന്നാണ് സൂചന.






