മീറ്റർ റീഡർമാർ വീട്ടിലെത്തുന്നില്ല, റീഡിങ് എടുക്കുന്നില്ല; എന്താണ് കാരണം? കെഎസ്ഇബി മീറ്റർ റീഡർമാരുടെ അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എന്നാൽ സമരം നീണ്ടുപോയാൽ ഉപഭോക്താക്കളെയും നേരിട്ട് ബാധിച്ചേക്കാവുന്ന മറ്റൊരു വിഷയമാണ് ആർഎംഡി അഥവാ പരമാവധി വൈദ്യുതി ആവശ്യകത കണക്കാക്കൽ. ആർഎംഡി കണക്കെടുപ്പ് ഉൾപ്പെടുന്നതോടെ മീറ്റർ റീഡിങ് എടുക്കാൻ കൂടുതൽ സമയവും ശ്രദ്ധയും ആവശ്യമായി വരുമെന്നും ചെറിയ പിഴവ് പോലും ബില്ലിൽ വലിയ മാറ്റമുണ്ടാക്കാമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.
പുതിയ സർക്കാരിനെതിരായ സമരമല്ല ഇതെന്ന് ഓൾ കേരള മീറ്റർ റീഡേഴ്സ് കൂട്ടായ്മയുടെ സംസ്ഥാന പ്രസിഡന്റ് കണ്ണൻ തലവടി പറയുന്നു. കഴിഞ്ഞ അഞ്ച് വർഷമായി വേതനം വർധിപ്പിച്ചിട്ടില്ലെന്നും കെഎസ്ഇബി മാനേജ്മെന്റിനും മുൻമന്ത്രിക്കും പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. വീടുകളിലെ പരമാവധി വൈദ്യുതി ആവശ്യകതയായ ആർഎംഡി കൂടി മീറ്റർ റീഡിങ്ങിന്റെ ഭാഗമാക്കാനുള്ള കെഎസ്ഇബി നിർദേശമാണ് ഇപ്പോഴത്തെ പ്രധാന തർക്കത്തിന് കാരണമെന്നും സമരസമിതി പറയുന്നു. മുൻ സർക്കാരിന്റെ കാലത്തും ഈ നീക്കം ഉണ്ടായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. വേതനത്തിൽ ന്യായമായ തീരുമാനം ഉണ്ടാകാതെ ആർഎംഡി കണക്കെടുപ്പിനുള്ള പരിശീലനം ഉൾപ്പെടെയുള്ള നടപടികളിലേക്ക് കെഎസ്ഇബി കടന്നതോടെയാണ് എതിർപ്പുമായി സമരത്തിലേക്ക് പോയതെന്നും അവർ വ്യക്തമാക്കുന്നു.
ഒരു വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ ആവശ്യമായ വൈദ്യുതിക്ക് മുകളിൽ ഉപയോഗം നടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള മാർഗമാണ് ആർഎംഡി. നിലവിലെ മീറ്ററുകളിൽ തന്നെ ഇത് പരിശോധിക്കാനുള്ള സംവിധാനമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പരമാവധി ആവശ്യകതയ്ക്ക് നിശ്ചിത ചാർജ് ബില്ലിൽ ഉൾപ്പെടുത്താനാണ് നീക്കം. സാധാരണ മീറ്റർ റീഡിങ് എടുക്കുന്നതിനേക്കാൾ കൂടുതൽ സമയം ആർഎംഡി പരിശോധിച്ച് കണക്കാക്കി ബിൽ നൽകാൻ വേണ്ടിവരും. പിഴവ് സംഭവിച്ചാൽ ബില്ലിലും വലിയ വ്യത്യാസമുണ്ടാകാം. കേരളത്തിലെ പല വീടുകളിലും മീറ്ററുകൾ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്നതും കണക്കെടുപ്പിന് ബുദ്ധിമുട്ടാകുന്നുണ്ടെന്ന് മീറ്റർ റീഡർമാർ പറയുന്നു. ഇതിനെല്ലാം കൂടി ഒരു മീറ്ററിന് 1.60 രൂപ മാത്രം അധികമായി നൽകാമെന്നാണ് കെഎസ്ഇബി പറയുന്നതെന്നും അവർ ആരോപിക്കുന്നു.
ALSO READ;ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത..! ജാഗ്രത നിർദേശം
നിലവിൽ ജോലി ചെയ്യുന്ന പ്രദേശത്തിനനുസരിച്ചാണ് മീറ്റർ റീഡർമാർക്ക് പ്രതിഫലം ലഭിക്കുന്നത്. നഗരങ്ങളിൽ വീടുകൾ അടുത്തടുത്തായതിനാൽ ഒരു ദിവസം 180 മീറ്റർ വരെ റീഡിങ് എടുക്കാൻ കഴിയുമ്പോൾ ഗ്രാമപ്രദേശങ്ങളിൽ ഇത് 40 വരെ മാത്രമായേക്കാം. നിലവിൽ ഒരു റീഡിങ്ങിന് 5 മുതൽ 13 രൂപ വരെയാണ് ലഭിക്കുന്നത്. ഇത് 50 ശതമാനം വർധിപ്പിക്കണമെന്നും ആർഎംഡിക്ക് 20 രൂപയും ടിഒഡിക്ക് 5 രൂപയും സോളാർ ടിഒഡിക്ക് 50 ശതമാനം വർധനയും വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. ആർഎംഡി കൂടി നടപ്പാക്കിയാൽ ഒരു ദിവസം 180 മീറ്റർ റീഡിങ് എടുക്കുന്നയാൾക്ക് ഏകദേശം 40 എണ്ണം മാത്രമേ എടുക്കാൻ കഴിയൂവെന്നും ഇതോടെ ജോലിഭാരം വലിയ തോതിൽ വർധിക്കുമെന്നും അവർ പറയുന്നു.
സമരം വേഗത്തിൽ അവസാനിപ്പിക്കാൻ കെഎസ്ഇബി മുൻകൈ എടുക്കണമെന്നും അല്ലാത്തപക്ഷം റീഡിങ് ദിവസങ്ങൾ മുന്നോട്ടാക്കി എടുക്കുകയോ ദിവസങ്ങളുടെ കണക്കനുസരിച്ച് റീഡിങ് ക്രമീകരിച്ച് ബിൽ നൽകുകയോ ചെയ്യേണ്ടിവരുമെന്നും സമരസമിതി പറയുന്നു. അതിന് നിലവിൽ സംവിധാനമുണ്ടെന്നും, അല്ലാത്തപക്ഷം ഉപഭോക്താക്കൾക്ക് കൂടുതൽ നിരക്ക് നൽകേണ്ട സാഹചര്യമുണ്ടാകാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. കരാർ ജീവനക്കാരോട് റീഡിങ് ഉപകരണങ്ങൾ തിരികെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടതായും ഭൂരിഭാഗം പേരും അവ കൈമാറിയതായും സമരസമിതി പറയുന്നു. റീഡിങ് എടുക്കുന്നതിനിടെ നായയുടെയും പാമ്പിന്റെയും കടിയേറ്റ സംഭവങ്ങളും ചില മീറ്ററുകളിൽ നിന്ന് ഷോക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഇതെല്ലാം സഹിച്ചാണ് ജോലി ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി. അതിനാൽ മാന്യമായ വേതനം ഉറപ്പാക്കണമെന്നാണ് മീറ്റർ റീഡർമാരുടെ ആവശ്യം.






