ജറുസലേം: തടവുകാരുടെ ജയിൽ ചാട്ടം തടയുന്നതിനായി ജയിലുകൾക്ക് ചുറ്റും കാവലിനായി മുതലകളെ നിയോഗിക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമവുമായി ഇസ്രയേൽ സർക്കാർ. പരിസ്ഥിതി സംരക്ഷണ മന്ത്രി ഇദിത് സില്‍മാനാണ് മുതലകളെ വന്യമൃഗങ്ങളുടെ സംരക്ഷിത പട്ടികയിൽ നിന്ന് മാറ്റി ‘സുരക്ഷാ ആവശ്യങ്ങൾക്കായി വളർത്താവുന്ന ജീവികൾ’ എന്ന പുതിയ വിഭാഗത്തിലേക്ക് പുനഃക്രമീകരിച്ചത്. ഇതോടെ ഈ വിവാദ പദ്ധതിക്ക് നിയമപരമായ വഴിയൊരുങ്ങിയിരിക്കുകയാണ്.
സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ നീക്കം. കഴിഞ്ഞ വർഷം ഈ ആശയം ആദ്യമായി മുന്നോട്ടുവെച്ചപ്പോൾ ഇസ്രയേൽ നേച്ചർ ആൻഡ് പാർക്ക്‌സ് അതോറിറ്റിയും പരിസ്ഥിതി മന്ത്രാലയത്തിലെ നിയമ ഉപദേഷ്ടാക്കളും ഇതിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഔദ്യോഗിക നിയമഭേദഗതികളിലൂടെ ഈ തടസ്സങ്ങളെല്ലാം മറികടന്നാണ് ഭരണകൂടം പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്.
തെക്കൻ ഇസ്രയേലിലെ കെറ്റ്സിയോട്ട് ജയിലിന് ചുറ്റുമായിരിക്കും ആദ്യഘട്ടത്തിൽ മുതലകളെ വിന്യസിക്കുന്നത്. ഹമാസ് തടവുകാരുൾപ്പെടെ നിരവധി സുരക്ഷാ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ഇസ്രയേലിലെ പ്രധാന ജയിലുകളിൽ ഒന്നാണിത്. ഇസ്രയേൽ ജയിൽ സർവീസ് പോലുള്ള സുരക്ഷാ ഏജൻസികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ മുതലകളെ പരിപാലിക്കുക.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






